kannur local

പരിയാരം മെഡിക്കല്‍ കോളജില്‍ മാക്‌സിലോ ഫേഷ്യല്‍ വിഭാഗം വിപുലീകരിച്ചു

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ മാക്‌സിലോ ഫേഷ്യല്‍ വിഭാഗം വിപൂലീകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ചികില്‍സ മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ എം വി ജയാരജന്‍ അറിയിച്ചു. വാഹനാപകടത്തി ല്‍ ഉള്‍പ്പെടെ മുഖത്തേല്‍ക്കുന്ന പരിക്കുകള്‍, മുഖത്തെ ട്യൂമര്‍, മുഖവൈകൃതങ്ങള്‍ എന്നിവ ഭേദമാക്കുന്നതിന് മാക്‌സിലോ ഫെഷ്യല്‍ വിഭാഗത്തില്‍ ഡിസ്ട്രക്ഷന്‍ ഓസ്റ്റിയോ ജനിസിസ് ചികില്‍സയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖത്തെ നഷ്ടപ്പെട്ടുപോയ അസ്ഥികളുടെ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുന്ന ചികില്‍സാ രീതിയാണിത്. ഇതുവഴി മുഖത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയും. കൂടാതെ, മുഖത്തിന്റെ എത്ര ഗുരുതരമായ പരിക്കുകളും നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓപറേഷന്‍ ചെയ്യുവാനും തകര്‍ന്നുപോയ മുഖത്തെ അസ്ഥികള്‍ കൃത്യതയോടെ പുനര്‍നിര്‍മിക്കാനും ഈ വിഭാഗത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുട്ടികളിലുണ്ടാവുന്ന മുച്ചിറി, മുറിഅണ്ണാക്ക് തുടങ്ങിയവും ചികില്‍സിക്കും. ന്യൂറോ സര്‍ജറി, ഇഎന്‍ടി, ഓഫ്ത്താല്‍മോളജി, ജനറല്‍ സര്‍ജറി വിഭാഗങ്ങള്‍ സഹകരിച്ചാണ് ചികില്‍സ നടപ്പാക്കുന്നത്.
കൂടാതെ, മോട്ടോര്‍ വെഹിക്കിള്‍, മാക്‌സിലോ ഫെഷ്യല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ഫേസ്ഇറ്റ് എന്ന പേരില്‍ റോഡ്-വാഹന സുരക്ഷ സംവിധാനങ്ങളെ കുറിച്ച് 10ന് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ ബോര്‍ഡംഗം കെ പി ജയബാലന്‍, ഡന്റല്‍ കോളജ് പ്രിന്‍സിപ്പാല്‍ ഡോ.പി സജി, മാക്‌സിലോ ഫെഷ്യല്‍ സര്‍ജന്‍ ഡോ. സോണി ജേക്കബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it