പരിഭ്രാന്തി പരത്തി തീപ്പിടിത്തം

കോഴിക്കോട്: ദേശീയ കായികമേളയില്‍ കാണികളെയും മല്‍സരാര്‍ഥികളെയും പരിഭ്രാന്തിയിലാഴ്ത്തി പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കില്ലെങ്കിലും കാണികള്‍ പന്തല്‍ വിട്ട് ഇറങ്ങി ഓടിയത് സ്റ്റേഡിയത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. വൈകീട്ട് നാലുമണിയോടെ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം നടക്കവെയാണ് കാണികള്‍ക്ക് ഇരിക്കാനുള്ള പന്തലിനു പിറകില്‍ പാര്‍ക്കിങ് ഏരിയയില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ കോവൂര്‍ സ്വദേശിനി ഷെമീമയും ലുംനയും ചേര്‍ന്ന് നടത്തുന്ന തട്ടുകടയില്‍ തീപിടിത്തമുണ്ടായത്.
ചായക്കച്ചവടം നടത്തിയിരുന്ന ഇവിടെ അടുപ്പില്‍ നിന്ന് പടര്‍ന്ന തീ സമീപത്തുണ്ടായിരുന്ന വസ്തുവകകളിലേക്ക് ആളിപിടിക്കുകയായിരുന്നു. തീ ഗ്യാസ് സിലിണ്ടറിലേക്കും കൂടി പടര്‍ന്നതോടെ കടയിലുണ്ടായിരുന്ന ലുംനയും സമീപത്തുണ്ടായിരുന്ന നൂറുകണക്കിന് കാണികളും ഇറങ്ങിയോടി. പിന്നാലെ പാഞ്ഞെത്തിയ അഗ്നിശമന സേന, പോലിസ് സംഘാംഗങ്ങള്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീയണക്കുകയായിരുന്നു. തക്കസമയത്ത് തീയണച്ചതിനാല്‍ അപകടം കനത്തതായില്ല. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ചാനല്‍ വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഒരുപറ്റം കാണികള്‍ ഒന്നടങ്കം ഇറങ്ങിയോടിയത് സ്റ്റേഡിയത്തിലുണ്ടായിരുന്ന മല്‍സരാര്‍ഥികളെയും ഭീതിയിലാഴ്ത്തി.
Next Story

RELATED STORIES

Share it