പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡിപിഐ

തിരുവനന്തപുരം: കുട്ടികളെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു. പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്നു ഡിപിഐ അറിയിച്ചു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടു. ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല നടത്തിയിരിക്കുന്നതെന്നു ഡയറക്ടര്‍ അറിയിച്ചു. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിന് അനന്തപുരി ഫൗണ്ടേഷന്റെ പ്രസിഡന്റ് സുക്കാര്‍ണോയും ജനറല്‍ സെക്രട്ടറി എ കെ ഹരികുമാറും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. അധ്യയന സമയത്തെ ബാധിക്കാത്തവിധം സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി പരിപാടി നടത്തുന്നതിനാണ് അക്കാദമിക് വിഭാഗം എഡിപിഐ ജൂണ്‍ 20ന് അനുമതി നല്‍കിയത്. ഈ പരിപാടിക്കും ഗുരുവന്ദനം എന്ന പേരാണ് നല്‍കിയിരുന്നത്. അനന്തപുരി ഫൗണ്ടേഷന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ പരിപാടി നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.
അതേസമയം, വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച നടപടി സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നു വ്യക്തമായിരുന്നു. ചേര്‍പ്പ് സ്‌കൂളിനു മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 26നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ചു സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും എല്ലാ പ്രധാനാധ്യാപകര്‍ക്കുമുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഈ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസാണ് ഗുരുവന്ദനം നടത്താന്‍ അനുമതി നല്‍കിയത്. ഈ ഉത്തരവിനെ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞദിവസം ചേര്‍പ്പ് സ്‌കൂളില്‍ മിഥിലാപുരി എന്നു നാമകരണം ചെയ്ത ക്ലാസ്‌റൂമുകളില്‍ പൂജാസാമഗ്രികളൊരുക്കി വിവിധ മതസ്ഥരായ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിത ഗുരുപാദപൂജ നടത്തിയത്.
സര്‍ക്കാര്‍ അംഗീകാരത്തോടു കൂടിയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ മതവല്‍ക്കരണം പാടില്ലെന്ന് എഐഎസ്എഫ്. മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തോടു കൂടി ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടത്തിയ പാദപൂജ പോലുള്ള പ്രവണതകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത് ഭരണഘടനാവിരുദ്ധമാണ്.
പാദപൂജയ്ക്ക് മുന്‍കൈ എടുത്ത മുഴുവന്‍ ഉദ്യോഗസ്ഥരുടെ പേരിലും മാനേജ്‌മെന്റിന്റെ പേരിലും മാതൃകാപരമായ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്നും എഐഎസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it