പരിപാടിയുടെ സംഘാടകന്‍ കനയ്യ ആയിരുന്നില്ല: ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: കനയ്യകുമാര്‍ ഫെബ്രുവരി 9നു നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ സംഘാടകരിലൊരാളായിരുന്നില്ലെന്ന് ഡല്‍ഹി പോലിസ്. ഇന്നലെ പട്യാലാ ഹൗസ് കോടതി ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് പോലിസ് നിലപാടു മാറ്റിയത്. അനിര്‍ബനും ഉമറുമാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുവര്‍ക്കുമെതിരായ ആരോപണവും കനയ്യക്കെതിരായ ആരോപണവും വ്യത്യാസമുണ്ടെന്നും കനയ്യക്ക് ജാമ്യം നല്‍കിയ അതേ മാതൃകയില്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും പോലിസ് കോടതിയില്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയാക്കിയ കോടതി വിധി മാര്‍ച്ച് 18ലേക്കു മാറ്റി.
കനയ്യകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇവര്‍ക്കു ജാമ്യം നല്‍കാതിരിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നും ഇരുവരുടെയും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ആറു ദിവസം പോലിസ് കസ്റ്റഡിയില്‍ കഴിഞ്ഞു. ഇനിയും ഇരുവരെയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഇവര്‍ക്കെതിരേ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. കനയ്യയെക്കാള്‍ ഗൗരവമുള്ള കുറ്റങ്ങളാണ് ഇരുവരും ചെയ്തതെന്നായിരുന്നു ഇതിന് ഡല്‍ഹി പോലിസിന്റെ മറുപടി.
ഇരുവരും ഇതുവരെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കനയ്യയെ കോടതിയില്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചതിനാലാണ് ഇവര്‍ക്ക് ഒളിവില്‍ പോവേണ്ടിവന്നത്. കേസില്‍ മാധ്യമവിചാരണ ശക്തമാണ്. ഇരുവരുടെയും ജീവനു ഭീഷണിയുണ്ട്. കോടതി നിര്‍ദേശിച്ചപ്പോള്‍ തന്നെ ഇരുവരും പോലിസിനു മുന്നില്‍ ഹാജരായെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. [related]
Next Story

RELATED STORIES

Share it