kasaragod local

പരിചയം പുതുക്കി ഒരുമുഴം മുമ്പേ എംഎല്‍എ വോട്ടുപിടിത്തം തുടങ്ങി

മഞ്ചേശ്വരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ നിരത്തി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍ എ വോട്ടഭ്യര്‍ഥന തുടങ്ങി. ലീഗ് സ്ഥാനാര്‍ഥികളെ വളരെ മുമ്പ് പ്രഖ്യാപിച്ചതോടെ കാസ ര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ മണ്ഡലത്തിന്റെ മുക്ക് മൂലകള്‍ ചുറ്റിക്കറങ്ങി പ്രമുഖരേയും വോട്ടര്‍മാരേയും കണ്ട് അഭ്യര്‍ഥന നടത്തുകയാണ്. 2011ല്‍ 5800ല്‍പരം വോട്ടുകള്‍ക്ക് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് അബ്ദുര്‍റസാഖ് കന്നിയങ്കത്തില്‍ വിജയിച്ചത്.
മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചത് ഇദ്ദേഹത്തിന്റെ നേട്ടമായി ചൂണ്ടിക്കാണിച്ചാണ് വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. മഞ്ചേശ്വരം തുറമുഖം, കുമ്പളയില്‍ മില്‍മ ചില്ലിങ് പ്ലാന്റ്, കുമ്പള ഐടിഐ, മഞ്ചേശ്വരം മണ്ഡലത്തിലെ 20 സ്ഥലങ്ങളില്‍ ഹൈടെക് ബസ് വെയിറ്റിങ് ഷെല്‍ട്ടറുകള്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി അനുവദിച്ചിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മണ്ഡലത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട്. 2006 ല്‍ കൈവിട്ടുപോയ മണ്ഡലം 2011ലാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രിയുടെ ചികില്‍സാ നിധിയില്‍ നിന്ന് മണ്ഡലത്തിലെ നിര്‍ധന രോഗികള്‍ക്ക് 12.50 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ അതിര്‍ത്തിയിലാണ്.
പെര്‍ളയില്‍ ഇലക്ട്രിക് സെക്ഷന്‍ ഓഫിസ്, എണ്‍മകജെയിലെ ക്ഷീരവികസന ഡയറിഫാം, മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍, പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ഷിറിയയില്‍ തീരദേശ പോലിസ് സ്‌റ്റേഷനുകള്‍, കോയിപ്പാടിയിലും ബങ്കരമഞ്ചേശ്വരത്തും ഷിറിയയിലും മല്‍സ്യഗ്രാമം പദ്ധതി, വോര്‍ക്കാടിയില്‍ കാര്‍ഷിക ഇന്‍സ്റ്റിറ്റിയൂട്ട്, ഗോവിന്ദപൈ, ഐഎച്ച്ആര്‍ഡി കോളജുകളില്‍ പുതിയ കോഴ്‌സുകള്‍, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം, ഉപ്പള കന്യാന റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തല്‍, ഉര്‍ദു അക്കാദമി, മണ്ണംകുഴി മിനിസ്‌റ്റേഡിയം, താലൂക്ക് സപ്ലൈ ഓഫിസ്, മഞ്ചേശ്വരം ത്രിഭാഷ പഠനകേന്ദ്രം തുടങ്ങിയവ ഇദ്ദേഹത്തിന്റെ വികസന നേട്ടങ്ങളാണ്. മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എണ്‍മകജെ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. എണ്‍മകജെ ബിജെപിയും പുത്തിഗെ എല്‍ഡിഎഫും പൈവളിഗെ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും മറ്റുപഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും മണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനാണ്. പുത്തിഗെയില്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ എല്‍ഡിഎഫിനാണ്.
മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥിയായതിന് ശേഷം ഇദ്ദേഹം പര്യടനം നടത്തി വോട്ടര്‍മാരേയും പ്രമുഖരേയും കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കീഴ്ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ജില്ലാ ഭാരവാഹികളില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എല്‍ഡിഎഫില്‍ ശങ്കര്‍റൈമാസ്റ്ററെയാണ് പരിഗണിക്കുന്നത്. എസ്ഡിപിഐക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it