പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ ധാരണയ്ക്ക് വിരുദ്ധം: തോമസ് ഐസക്

തിരുവനന്തപുരം:പതിനഞ്ചാം ധനകമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഇതിനെതിരേ പൊതുജനാഭിപ്രായം രൂപപ്പെടുത്തുമെന്നും ഇതിന് മുന്നോടിയായി  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ഏപ്രില്‍ പത്തിനു തിരുവനന്തപുരത്ത് ചേരുമെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട ചുമതല സംസ്ഥാനങ്ങളുടെ പരിധിയിലുള്ള വിഷയമാണ്.  സംസ്ഥാനങ്ങള്‍ക്ക് എത്ര ധനവിഹിതം നീക്കി വയ്ക്കണമെന്നു തീര്‍പ്പു കല്‍പിക്കാനുള്ള അധികാരമാണു ധനകമ്മീഷനുള്ളത്.
ദക്ഷിണേന്ത്യന്‍ ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍  പങ്കെടുക്കുമെന്ന് ആന്ധ്രപ്രദേശ്, കര്‍ണാടക ധനമന്ത്രിമാര്‍ രേഖാമൂലവും മറ്റുള്ളവര്‍ വാക്കാലും അറിയിച്ചിട്ടുണ്ട്. ധനകമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നടപ്പായാല്‍ അതുമൂലം ഏറ്റവും നഷ്ടം സംഭവിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. ധനകമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ്. നികുതി വരുമാനം കൂടുതല്‍ കേന്ദ്രത്തിനു ലഭിക്കുന്നതരത്തിലുള്ള വിഷയങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ കൂടുതലും നിറവേറ്റുന്നത് സംസ്ഥാനങ്ങളാണ്.
കേന്ദ്ര, സംസ്ഥാനങ്ങള്‍ക്കു തുല്യമായിരുന്ന വിഹിതമാണ് ഇപ്പോള്‍ മാറ്റാനുള്ള നീക്കം നടത്തുന്നത്. കേന്ദ്രത്തിന്റെ 2022 പരിപാടികള്‍ അനുസരിക്കണമെന്നു പറയുന്നതു യുക്തിസഹമല്ല. ഇതൊക്കെ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. 2022 പരിപാടികള്‍ എന്താണെന്നുപോലും വ്യക്തമല്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനം എന്തു ചെയ്യണമെന്നു മുന്‍കൂര്‍ പറയുന്നത് സ്വയംഭരണ സ്വഭാവത്തെ ഹനിക്കുന്നതാണെന്നു മന്ത്രി പറഞ്ഞു.
ഭരണഘടനയുടെ നിബന്ധനകള്‍ക്കതീതമായ ധനവിന്യാസമാണ് മറ്റൊന്ന്. പതിനൊന്നാം കമ്മീഷന്റെ കാലം മുതലാണ് നിബന്ധനകള്‍ക്കു വിധേയമായ നിലപാടു സ്വീകരിക്കാന്‍ തുടങ്ങിയത്.
പ്രധാനമായും ധനകമ്മി, റവന്യൂ കമ്മി തുടങ്ങിയവയുടെ കാര്യത്തില്‍. എന്നാല്‍, ഇത്തവണ ഇത് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ധന ഉത്തരവാദിത്വ നിയമം പരിശോധിക്കുന്നതിനു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. കേരളത്തിന്റെ കടം 20 ശതമാനമാക്കി കുറയ്ക്കണമെന്നാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. കൂടാതെ ധനകമ്മി 1.7 ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
ഇവയൊക്കെ നടപ്പാക്കാനുള്ള ഉപകരണമായി ധനകമ്മീഷന്‍ മാറുമോ എന്നാണു ഭയം.   നികുതി വിഹിതം കൊടുത്ത ശേഷം വീണ്ടും കമ്മി ഉണ്ടെങ്കില്‍  ഗ്രാന്റ് നല്‍കി വരുന്നതു നിര്‍ത്തണമെന്നു പറയുന്നത് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും.
1971 മുതല്‍ 2011 വരെ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചത് അമ്പതുശതമാനം മാത്രമാണ്. 1970ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിനു വിപരീതമായി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതം പങ്കുവയ്ക്കുന്നതു കേരളത്തിനു വലിയ നഷ്ടമുണ്ടാക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ നഷ്ടം തമിഴ്‌നാടിനും ആന്ധ്രയ്ക്കുമായിരിക്കും.
Next Story

RELATED STORIES

Share it