malappuram local

പരിക്കേറ്റവര്‍ റോഡില്‍ ജീവനു വേണ്ടി പിടഞ്ഞത് അരമണിക്കൂര്‍

പൊന്നാനി: കഴിഞ്ഞ ദിവസം  നരിപ്പറമ്പ് പന്താപാലത്തിന് സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിക്കാനിടയായത് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനാല്‍.അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ രക്തത്തില്‍ കുളിച്ച്  രക്തം വാര്‍ന്ന് അരമണിക്കൂറിലധികം  റോഡില്‍ കിടന്നിട്ടും ഇവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.അനവധി വാഹനങ്ങള്‍ കടന്നുപോയിട്ടും ആരും തന്നെ ശ്രദ്ധിക്കാന്‍ തയ്യറായതുമില്ല.ശ്രദ്ധിച്ചവരൊക്കെ മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കിലുമായിരുന്നുവെന്ന് ആശുപത്രിയിലെത്തിച്ചയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.കിട്ടിയ ലോറിയില്‍ ടാര്‍പ്പായ് വിരിച്ചാണ് അവരെ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ എത്തിയിട്ട് ലോറിക്ക് സമീപം ഒരുപാട് പേര്‍ കൂടിനിന്നിരുന്നു. അതില്‍ വിരലിലെണ്ണാവുന്നവരൊഴികെ ബാക്കിയെല്ലാവരും കാഴ്ചക്കാരായെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്.അപകടത്തില്‍ തണ്ടലം സ്വദേശി മുഹമ്മദ്, ബന്ധുവായ ഉമ്മര്‍,കുറ്റിപ്പുറം മൂടാല്‍ സ്വദേശി അഭിലാഷ് എന്നിവരാണു മരിച്ചത്. ഈ പാതയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായത് പത്തോളം അപകടങ്ങളാണ്. മരിച്ചത് സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരും. രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്ത പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയില്‍ ഇടതടവില്ലാതെ അപകടങ്ങള്‍ പതിവാകുകയാണ്. വേഗത നിയന്ത്രണത്തിന് ദേശീയ പാതയില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അപകടങ്ങള്‍ കുറയുന്നില്ല. പൊന്നാനി ചമ്രവട്ടം ജങ്്ഷന്‍ മുതല്‍ നരിപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലാണ് ദിനംപ്രതിയെന്നോണം അപകടങ്ങളുണ്ടാകുന്നത്. റോഡ് വീതിയില്ലാത്തതും, അമിതവേഗതയും, സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തതയുമാണ് അപകടങ്ങള്‍ പെരുകാനിടവരുത്തുന്നത്.റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതിനു ശേഷം ഉണ്ടായ അപകടങ്ങളില്‍ അഞ്ചിലേറെ ജീവനുകളാണ് പൊലിഞ്ഞത്. രണ്ടു മാസം മുമ്പാണ് ഐഡിയല്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന ശ്രീഷ്മ ഈ പാതയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അമിതവേഗതയാണ് അപകടത്തിനിടയാക്കുന്നത്. കൂടാതെ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ നിന്ന് അശ്രദ്ധയോടെ വാഹനങ്ങള്‍ കയറുന്നതും അപകടം വിളിച്ചു വരുത്തുകയാണ്. റോഡരികില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ തിരിവുകളില്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാവാത്തതും അപകടത്തിന് കാരണമാവുന്നുണ്ട്. റോഡുകളില്‍ സെമി ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it