Kollam Local

പരിക്കേറ്റവരുടെ ആരോഗ്യനിലയും ഭാവി നടപടികള്‍:ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയെപ്പറ്റി വിലയിരുത്താന്‍ ഉന്നത തല യോഗം ചേര്‍ന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ഡിഎംഇ ഡോ. റംലാ ബീവി എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാരുടേയും എയിംസിലെ വിദഗ്ധരുടേയും സാന്നിധ്യത്തില്‍ രാത്രി 7.30 നാണ് അവലോകന യോഗം ചേര്‍ന്നത്. ഇവിടെ നിന്നും ഏതെങ്കിലും ഗുരുതര രോഗികളെ എയിംസിലേക്കോ ബേണ്‍സ് ഐസിയു ഉള്ള മറ്റ് ആശുപത്രികളിലേക്കോ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം നടന്നത്.
ഇവരെ മാറ്റാനായി എയര്‍ ഫോഴ്‌സിന്റേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ എല്ലാ രോഗികള്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാലും ഇവരുടെ നില അതീവ ഗുരുതരമായ അവസ്ഥ നിലനില്‍ക്കുന്നതിനാലും കൊച്ചിയിലേക്കോ ഡല്‍ഹിയിലേക്കോ ഇവരെ മാറ്റേണ്ട എന്ന് വിദഗ്ധരുടെ സംയുക്ത യോഗം തീരുമാനിച്ചു. പകരം താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.1. 8 പേരുടെ തീവ്ര പരിചരണത്തിനായി പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. കോമള റാണിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതതല സംഘത്തെ നിയമിക്കും. 2. ഡിഎംഇയുടെ നേതൃത്വത്തില്‍ എയിംസിലേയും മറ്റ് കേന്ദ്ര ആശുപത്രികളിലേയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു നിരീക്ഷണ കമ്മിറ്റി ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. 3. കൂടുതല്‍ അനസ്തീഷ്യ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കും. യോഗത്തില്‍ എയിംസിലെ ഡോ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍എംഎല്‍ ആശുപത്രിയിലെ ഡോ. മനോജ് ജാ, മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജിജി തോംസണ്‍, ജോ. ഡിഎംഇ ഡോ. ശ്രീകുമാരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥ്, എസ്എസ്ബി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രമേശ് രാജന്‍ പങ്കെടുത്തു. നാളെ രാവിലെ സ്ഥിതിഗതികള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
Next Story

RELATED STORIES

Share it