Flash News

പരിക്കിന്റെ ക്ഷീണത്തില്‍ ഉറുഗ്വേ; എംബാപ്പെ പവറില്‍ ഫ്രാന്‍സ്; ഇന്ന് തീപ്പൊരി പോര്

പരിക്കിന്റെ ക്ഷീണത്തില്‍ ഉറുഗ്വേ; എംബാപ്പെ പവറില്‍ ഫ്രാന്‍സ്; ഇന്ന് തീപ്പൊരി പോര്
X


മോസ്‌കോ: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടരുന്ന കാല്‍പന്ത് പോരാട്ടത്തിന് ഉറുഗ്വേയും ഫ്രാന്‍സും തമ്മിലുള്ള ക്വാര്‍ട്ടര്‍ മല്‍സരത്തോടെ നിഷ്‌നി സ്റ്റേഡിയത്ത് ഇന്ന് തുടക്കം. 1998ല്‍ സ്വന്തമാക്കിയ കിരീടം ഒരിക്കല്‍ കൂടി നാട്ടിലെത്തിക്കാനായി ജയം മാത്രം പ്രതീക്ഷിച്ച് ഫ്രഞ്ച് പട ഇന്ന് ക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ പ്രഥമ ലോകകപ്പ് കിരീട നേട്ടവും 1950 ലെ കിരീടനേട്ടവും ആവര്‍ത്തിക്കാന്‍ ഉറുഗ്വെയ്ക്കും ജയം അനിവാര്യം. ലോകകപ്പിലെ പ്രാരംഭഘട്ടം മുതല്‍ അപരാജിതരായാണ് ഇരുടീമും മുന്നേറിക്കൊണ്ടിരിക്കുന്നത്. കളിച്ച മല്‍സരങ്ങളിലെല്ലാം ഉറുഗ്വേ ജയം സ്വന്തമാക്കിയപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ സമനിലയൊഴികേയുള്ള മല്‍സരങ്ങളിലെല്ലാം ഫ്രാന്‍സും വെന്നിക്കൊടി നാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ മല്‍സരം ഇതിലൊരു ടീമിന്റെ ലോകകപ്പ് കുതിപ്പിന് തടയിടാനുള്ള അവസാന അങ്കവുമാവും. രണ്ട് ക്ലബിലുള്ള താരങ്ങള്‍ വ്യത്യസ്ത രാജ്യത്തിനായി മല്‍സരിക്കുന്ന കാഴ്ചയും ഇന്ന് നിഷ്‌നി സറ്റേഡിയ സാക്ഷ്യം വഹിക്കും. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനും ലൂക്കാസ് ഹെര്‍ണാണ്ടസും ഫ്രാന്‍സിന് വേണ്ടി ബൂട്ടണിയുമ്പോള്‍ ഡീഗോ ഗോഡിനും ജോസ് ജിമെനസും ഉറുഗ്വേ നിരയ്ക്ക് വേണ്ടി കളത്തിലിറങ്ങും. കൂടാതെ പിഎസ്ജി യിലെ രണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ കവാനിയും എംബാപ്പെയും എതിരായി വരുന്ന മല്‍സരമെന്നും ഈ പോരാട്ടത്തെ വിശേഷിപ്പിക്കാം.  ഫ്രാന്‍സിന് വേണ്ടി 19 കാരന്‍ കൈലിയന്‍ എംബാപ്പെ തകര്‍ത്താടുമ്പോള്‍ എതിര്‍ വശത്ത് സുവാരസും കവാനിയും നടത്തുന്ന ആക്രമണ തന്ത്രങ്ങള്‍ ടീമിന്റെ വിജയത്തിന് നിര്‍ണായകമാവുകയാണ്.

ക്വാര്‍ട്ടറില്‍ ഇവര്‍
1970ന് ശേഷം രണ്ടാം തവണയാണ് ഉറുഗ്വേ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. മുമ്പ് 2010ല്‍ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ അന്ന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഫ്രഞ്ച് പടയാവട്ടെ, കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും അവിടെ പോരാട്ടം അവസാനിപ്പിക്കാനായിരുന്നു വിധി.

സസ്‌പെന്‍ഷന്‍
പേടിയില്‍ ഇരുടീമും
സസ്‌പെന്‍ഷന്‍ പേടിയിലാണ് അഞ്ച് താരങ്ങള്‍ ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നത്. നേരത്തേ അര്‍ജന്റീനയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് കണ്ട പ്ലെയിസ് മാറ്റിയൂഡി അതോടെ രണ്ട് തവണ മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായത് ഫ്രഞ്ച് ടീമിന് ആഘാതമേറ്റിട്ടുണ്ട്. കൂടാതെ ഇന്ന് ഇരുടീമുകളില്‍ നിന്നുമുള്ള അഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കാണുകയാണെങ്കില്‍ അടുത്ത മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വരും. എന്നാല്‍ ഫ്രാന്‍സിനാണ്  ഇൗ പ്രശ്‌നം കൂടുതല്‍ തലവേദന സൃഷ്ടിക്കുക. ഫ്രഞ്ച് നിരയില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ ഒളിവര്‍ ജിറൗഡും പോള്‍ പോഗ്ബയും ബെഞ്ചമിന്‍ പാവാര്‍ഡും കോറെന്റിന്‍ തോളിസ്സോയും സസ്‌പെന്‍ഷന്‍ പേടിയില്‍ കളിക്കാനിറങ്ങുമ്പോള്‍ റോഡ്രിഗോ ബെന്റാങ്കൂറാണ് ഉറുഗ്വേ നിരയില്‍ പുറത്താകല്‍ ഭീഷണി നേരിടുക.

പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളോടെ ഫ്രഞ്ച് പടയ്ക്ക് വിജയം സമ്മാനിച്ച വേഗതയുടെ യുവപ്രതിഭ എംബാപ്പെയെയാണ് ഉറുഗ്വേ കൂടുതല്‍ പേടിക്കുന്നത്. താരത്തെ പൂട്ടിയാലും മറുവശത്ത് ഗ്രീസ്മാനും ജിറൗഡും കളി മെനയുമെന്നതിനാല്‍ പ്രതിരോധം കാത്ത് തന്ത്രം മെനയാനാണ് ഉറുഗ്വേ കോച്ച് ഓസ്‌കാര്‍ ടെബറസ് ശ്രമിക്കുക. ഇന്ന് ഉറുഗ്വേയെ പ്രതിരോധത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി കോച്ച് 4-4-2 എന്ന ശൈലിയില്‍ ഇറക്കാനാണ് സാധ്യത. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം പുറത്ത് പോയ കവാനിയിലാണ് ടീം ആശങ്ക പ്രകടിപ്പിക്കുന്നത്. കവാനിയുടെ ഗോള്‍മികവിലായിരുന്നു പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേ ആവേശജയം സ്വന്തമാക്കിയത്. ഇന്ന് താരം കളത്തിലിളങ്ങുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. കവാനി വീണ്ടും ബെഞ്ചിലിരിക്കുകയാണെങ്കില്‍ പരിക്ക് മാറി തിരിച്ചെത്തിയ സുവാരസിനൊപ്പം ക്രിസ്റ്റ്യന്‍ സ്റ്റുവാനിയെ ഇറക്കാനാണ് കോച്ച്് മുതിരുക.
എന്നാല്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ഉറുഗ്വേ വഴങ്ങിയിട്ടുള്ളെന്നതിനാല്‍ നായകന്‍
ഗോഡിന്‍ നയിക്കുന്ന പ്രതിരോധത്തെ മറികടന്ന് സെമിയില്‍ കടക്കാമെന്ന ഫ്രാന്‍സ് പടയുടെ മോഹത്തിന് അവര്‍ക്ക് വിയര്‍ത്തു കളിക്കേണ്ടി വരും. ഇന്ന് ഉറുഗ്വേയ്‌ക്കെതിരേ ഫ്രാന്‍സ് ജയിച്ചാല്‍ ലോകകപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ക്കെതിരേയുള്ള അവരുടെ തുടര്‍ച്ചയായ ഒമ്പതാമത്തെ ജയം കൂടിയായിരിക്കും ഇത്.
ലോകകപ്പില്‍ ഇതുവരെ ഉറുഗ്വേയ്‌ക്കെതിരേ വെന്നിക്കൊടി നാട്ടിയില്ലെന്ന ചീത്തപ്പേര് മായ്ക്കാനും കപ്പടിക്കാനുമുള്ള വാശിയോടെയും ദെസ്ഷാംപ്‌സിന്റെ ഫ്രഞ്ച് പടയും ചരിത്രം പിറക്കാതിരിക്കാന്‍ ഉറുഗ്വേയും കച്ച കെട്ടി ഇന്ന്്് ഇറങ്ങുമ്പോള്‍ ക്വാര്‍ട്ടര്‍ കനക്കുമെന്നത് വാസ്തവം.

ക്വാര്‍ട്ടറിലേക്കുള്ള വഴി

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നും ജയിച്ച് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ഉറുഗ്വേ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് (2-1) അവസാന എട്ടില്‍ സ്ഥാനം കണ്ടെത്തിയത്.
എന്നാല്‍ ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും കണ്ടെത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയെ 4-3ന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.
സാധ്യതാ ലൈനപ്പ്
ഉറുഗ്വേ: ഫെര്‍മാണ്ടോ മുസ്‌ലേറ, മാര്‍ട്ടിന്‍ കെക്കേരസ്, ജോസ് മരിയ ജിമെനസ്, ഡീഗോ ഗോഡിന്‍, ഡീഗോ ലാക്‌സാള്‍ട്ട്, നഹിതാന്‍ നാന്റസ്, ലൂക്കാസ് ടൊറെയ്‌റ, റോഡ്രിഗോ ബെ ന്റാങ്കുര്‍, ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനിനക്രിസ്റ്റ്യന്‍ സ്റ്റുവാനി.
ഫ്രാന്‍സ്: ഹ്യുഗോ ലോറിസ്, ബെഞ്ചമിന്‍ പാവാര്‍ഡ്, റാഫേല്‍ വരാനെ, സാമുവല്‍ ഉംറ്റിറ്റി, ലൂക്കാസ് ഹെര്‍ണാണ്ടസ്, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്‍, കോറെന്റിന്‍ ടോലിസ്സോ, ഒളിവര്‍ ജിറൗഡ്.
Next Story

RELATED STORIES

Share it