kasaragod local

പരാധീനതകള്‍ മാറി; മുഖം മിനുക്കാന്‍ ഒരുങ്ങി കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറി

കാഞ്ഞങ്ങാട്: നഗരസഭയുടെ കുടിയിറക്ക് ഭീഷണിയിലായിരുന്ന ലളിതകലാ ആര്‍ട്ട് ഗാലറി മുഖം മിനുക്കാനൊരുങ്ങി. കാഞ്ഞങ്ങാട് നഗരത്തിലെ പുതിയകോട്ടയില്‍ 30 സെന്റ് റവന്യൂ ഭൂമിയില്‍ നഗരസഭയുടെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക നിലയമാണ് സംസ്ഥാന സര്‍ക്കാറിന്റെ സുസ്ഥിര വികസനത്തിന്റെ ഭാഗമായി നവീകരണത്തിനൊരുങ്ങുന്നത്. ഗാലറി ഫ്‌ളോറിങ്, ഗാലറി ലൈറ്റ് സംവിധാനം, ബാത്ത് റൂം നവീകരണം തുടങ്ങിയ ആര്‍ട്ട് ഗാലറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസനമാണ് നടക്കുന്നത്. ഇതിന്റെ ക്വട്ടേഷന്‍ ക്ഷണിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അവസാന വാരം തന്നെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അക്കാദമി ആര്‍ട്ട് ഗാലറിയെ കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്ത് മികച്ച സാംസ്‌കാരിക കേന്ദ്രമായി ഉയര്‍ത്തുന്നതിനുമുള്ള ആലോചനകള്‍ നടന്നുവരുന്നുണ്ട്. ഈ വര്‍ഷം ഇതുവരെയായി വിവിധ കലാകാരന്മാരുടേതായി അഞ്ചിലധികം ചിത്ര പ്രദര്‍ശനങ്ങള്‍ ഇവിടെ നടന്നു കഴിഞ്ഞു. ബാബു മേക്കാടന്‍, ഇ വി അശോകന്‍, വരദ നാരായണന്‍ എന്നീ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗാലറിയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്‍സ്റ്റലേഷനും സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ നബിന്‍ ഒടയഞ്ചാലിന്റെ ഫോട്ടോ പ്രദര്‍ശനവും മികച്ച മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിനോദ് അമ്പലത്തറയുടെ 65 ശിഷ്യന്‍മാര്‍ ചേര്‍ന്ന് നടത്തിയ ചിത്ര പ്രദര്‍ശനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനുള്ള ചിത്ര പ്രദശനമാണ് നിലവില്‍ ഇവിടെ നടന്നുവരുന്നത്. കഴിഞ്ഞ 28ന് തുടങ്ങിയ പ്രദര്‍ശനത്തില്‍ പതിനായിരം രൂപയുടെ ചിത്രങ്ങള്‍ വിറ്റതായി അധികൃതര്‍ അറിയിച്ചു. എട്ടിന് പ്രദര്‍ശനം അവസാനിക്കും. കേരളത്തിലെ അക്കാദമികളില്‍ പ്രദര്‍ശനത്തിനായി ഏറ്റവും കുറവ് ഫീസ് വാങ്ങുന്ന ഗാലറിയാണിത്. ഒരു ദിവസത്തെ പ്രദര്‍ശനത്തിന് നൂറ് രൂപയാണ് ഫീസ്. നൂറിലധികം ചിത്രകലാകാരന്മാരുള്ള കാഞ്ഞങ്ങാടിന്റെ ഗാലറിയുടെ ഇടുങ്ങിയ മുറിയില്‍ നിലവില്‍ ഇരുന്നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാതെ കൂട്ടിയിട്ടിട്ടുള്ളത്. ചിത്ര കലാകാരന്‍മാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇന്‍ഷൂറന്‍സ് സുരക്ഷയുടെ അപേക്ഷ ഫോറവും അക്കാദമി കലാകാരന്മാര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകളും ഇവിടെ നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it