പരാതി സ്ഥിരീകരിച്ച് പാലാ ബിഷപ്

കോട്ടയം: ജലന്ധര്‍ ബിഷപിനെതിരായ പീഡനപരാതിയില്‍ അന്വേഷണസംഘം പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍ നിന്നും കുറവിലങ്ങാട് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തിലില്‍ നിന്നും മൊഴിയെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ് അന്വേഷണസംഘത്തിനു മുമ്പാകെ സ്ഥിരീകരിച്ചു.
എന്നാല്‍, പരാതി വാക്കാല്‍ മാത്രമാണ് അറിയിച്ചത്. എഴുതി നല്‍കിയിരുന്നില്ല. ബിഷപ്പില്‍ നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് കന്യാസ്ത്രീ പറഞ്ഞത്. ഇക്കാര്യം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശിച്ചുവെന്നും പറയുന്നു.
പാലായിലെ ബിഷപ്‌സ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കാര്യങ്ങളാണ് കുറവിലങ്ങാട് പള്ളി വികാരിയും പോലിസിനോട് പറഞ്ഞത്. പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ സഭാനേതൃത്വത്തിനു പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം തള്ളുന്ന മൊഴിയാണ് പാലാ ബിഷപ് നല്‍കിയിരിക്കുന്നത്. സമയം ലഭിച്ച ശേഷം കര്‍ദിനാളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.
18നകം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി, ജലന്ധറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് തീരുമാനം.  കേസിലെ നിര്‍ണായക സാക്ഷികളായേക്കാവുന്ന രണ്ടു കന്യാസ്ത്രീകളുടെ സാക്ഷിമൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
Next Story

RELATED STORIES

Share it