പരാതി കേള്‍ക്കാന്‍ സ്ഥിരം കമ്മിറ്റി വേണം: നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അമ്മ നേതൃത്വം സത്യസന്ധമായി ഇടപെടുന്നുവെന്നാണ് ആദ്യം കരുതിയിരുന്നതെന്നു രമ്യ നമ്പീശന്‍ പറഞ്ഞു.
അമ്മയല്ലാതെ താരങ്ങളുടെ ക്ഷേമത്തിന് മറ്റൊരു സംഘടനയുമില്ല. പക്ഷേ, അവിടെ നാടകങ്ങളാണ് നടന്നതെന്നു വൈകിയാണ് മനസ്സിലായത്. ഇനി അത് വയ്യ, സിനിമയില്‍ അധികാരം കൊണ്ട് അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്. പരാതികള്‍ കേള്‍ക്കാന്‍ ഒരു സ്ഥിരം കമ്മിറ്റി ഉണ്ടാവണം. ഡബ്ല്യുസിസിയുടെ ഇപ്പോഴത്തെ പ്രതികരണം ഒരു തുടക്കം മാത്രമാണെന്നും രമ്യ പറഞ്ഞു. തങ്ങളെ ഇനിയും പൊട്ടന്‍ കളിപ്പിക്കാമെന്നു വിചാരിക്കേണ്ടെന്നും ഇനിയും തങ്ങള്‍ മിണ്ടാതിരിക്കുമെന്നു വിചാരിക്കേണ്ടെന്നും നടിമാര്‍ പറഞ്ഞു.
നടനും എംഎല്‍എയുമായ മുകേഷിനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയണം. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് മുകേഷ്. മുകേഷിനെതിരേ അമ്മ നടപടിയെടുക്കണം. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത നടനെതിരേ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ മുകേഷിനെതിരേ അമ്മയുടെ ഭാഗത്തു നിന്നു നടപടിയുണ്ടാവുമെന്നു കരുതുന്നില്ല. പക്ഷേ, മുകേഷ് ജനപ്രതിനിധി കൂടിയായതിനാല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നു തങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടെന്നും ഇവര്‍ പറഞ്ഞു.
അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it