പരാതി കിട്ടിയില്ലെന്ന കര്‍ദിനാളിന്റെ വാദം കളവ്

കോട്ടയം/കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന കര്‍ദിനാളിന്റെ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ വീണ്ടും പൊളിയുന്നു. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരേ ലൈംഗികാരോപണ പരാതിയുമായി രംഗത്തുവന്ന കന്യാസ്ത്രീ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഫോണില്‍ വിളിച്ചു പരാതി പറയുന്നതിന്റെ ശബ്ദരേഖ പുറത്തായി. ഇതോടെ കന്യാസ്ത്രീ പരാതി നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം കളവാണെന്നു തെളിയുകയാണ്.
കേസില്‍ അന്വേഷണസംഘം രണ്ടരമണിക്കൂര്‍ സമയമെടുത്ത് നടത്തിയ മൊഴിയെടുപ്പിലും കന്യാസ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കര്‍ദിനാള്‍ പറഞ്ഞത് കളവാണെന്നു തെളിയിക്കുന്ന ഫോണ്‍ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ജൂലൈയില്‍ കൊടുത്ത പരാതിയെത്തുടര്‍ന്ന് നവംബറില്‍ കന്യാസ്ത്രീ കര്‍ദിനാളിനെ നേരിട്ടുകണ്ട് പീഡനപരാതി വിവരിച്ചിരുന്നു. അന്നും രേഖാമൂലം പരാതി കൊടുത്തു. ഒരാഴ്ചയ്ക്കുശേഷം ജലന്ധറില്‍നിന്ന് കത്തു വന്നപ്പോള്‍ കര്‍ദിനാളുമായി നേരിട്ട് ടെലിഫോണ്‍ വഴി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണു പിതാവേ, പോലിസ് കേസ് വരെ എത്തിയിരിക്കുകയാണെന്ന് പറഞ്ഞാണ് കന്യാസ്ത്രീയും കര്‍ദിനാളുമായുള്ള സംഭാഷണം ആരംഭിക്കുന്നത്. പീറ്ററെന്ന് പറയുന്ന ഒരച്ഛനെ തങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന പരാതി കിട്ടിയതായി ജലന്ധറില്‍ നിന്ന് പോലിസ് വിളിച്ചതായി കന്യാസ്ത്രീ പറയുന്നു. തങ്ങള്‍ അച്ചടക്കരാഹിത്യം കാട്ടിയെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടി റിപോര്‍ട്ട് ലഭിച്ചെന്നും അതേക്കുറിച്ച് ചോദിക്കാന്‍ ജലന്ധറിലെത്തണമെന്നും ആവശ്യപ്പെട്ട് ജനറാള്‍ അമ്മയുടെ കത്ത് വന്നിട്ടുണ്ടെന്നും കര്‍ദിനാളിനെ കന്യാസ്ത്രീ അറിയിക്കുന്നു.
അപ്പോയിന്‍മെന്റ് കിട്ടാതെ പിതാവിനെ കണ്ട് പരാതി നല്‍കാന്‍ കഴിയില്ലല്ലോയെന്ന് കന്യാസ്ത്രീ ചോദിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ സിബിസിഐയുടെ പ്രസിഡന്റ് ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനെ കണ്ട് പരാതി നല്‍കാനാണ് കര്‍ദിനാള്‍ ഉപദേശിക്കുന്നത്. അദ്ദേഹത്തെ കാണാന്‍ പിതാവ് അവസരമുണ്ടാക്കിത്തരണമെന്ന് കന്യാസ്ത്രീ പറയുന്നു. താന്‍ പറയുമ്പോള്‍ താനിതെല്ലാം അറിഞ്ഞെന്നുവരില്ലേയെന്ന് കര്‍ദിനാള്‍ തിരിച്ചുചോദിക്കുന്നു. അത് വന്നോട്ടെയെന്നായി കന്യാസ്ത്രീയുടെ പ്രതികരണം. കാണാന്‍ അവസരമുണ്ടാക്കിത്തരില്ലെന്ന് പിതാവ് വ്യക്തമാക്കുന്നു. ഇതോടെ വാര്‍ത്താസമ്മേളനം വിളിച്ചു പറയുമെന്നും സിവില്‍ കേസ് കൊടുക്കാനാണ് വീട്ടുകാര്‍ പറയുന്നതെന്നും കന്യാസ്ത്രീ പറയുന്നു. കേസ് കൊടുത്തോയെന്ന് കര്‍ദിനാള്‍ മറുപടി നല്‍കുന്നുണ്ട്. പിതാവ് സഭയിലെടുക്കുമെങ്കില്‍ സിറോ മലബാറിലേക്കു തിരിച്ചുവരാന്‍ തങ്ങള്‍ തയ്യാറാണെന്ന് കന്യാസ്ത്രീ പറയുന്നു.
താനെടുക്കില്ല, തിരിച്ചുവന്നാല്‍ എവിടെയെങ്കിലും താമസിക്കാനുള്ള സൗകര്യം നിങ്ങള്‍ തന്നെയുണ്ടാക്കണം. വിഷമമുള്ളവരെല്ലാം കൂടി തിരുവസ്ത്രം ഇട്ടുകൊണ്ടുതന്നെ തല്‍ക്കാലം നിങ്ങളുടെ വീടുകളിലേക്കു മടങ്ങുക, ശേഷം പരാതിയുമായി തന്റെയടുത്ത് വരുക എന്നായിരുന്നു കര്‍ദിനാളിന്റെ മറുപടി. അങ്ങനെയായാല്‍ പിതാവ് തങ്ങളെ കൈവിടില്ലല്ലോയെന്ന് ചോദിക്കുമ്പോള്‍, അത് ഇവിടത്തെ ആലോചന അനുസരിച്ചിരിക്കും എന്ന് കര്‍ദിനാള്‍ പറയുന്നു.  കേസാണെങ്കിലും എന്താണെങ്കിലും  താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് വരരുത് നിങ്ങള്‍ സ്വമേധയാ ചെയ്യുന്നതായിട്ട് വേണം വരാനെന്നും കന്യാസ്്ത്രീയോട് പറഞ്ഞാണ് കര്‍ദിനാള്‍ സംഭാഷണം അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it