പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വൈദികനെതിരേ കേസ്‌

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ് ഫാ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെതിരേ കേസെടുത്തു. ഫോണിലൂടെ ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ സിസ്റ്ററിന് ഒത്തുതീര്‍പ്പ് വാഗ്ദാനം നല്‍കിയ സിഎംഐ കുര്യനാട് ആശ്രമത്തിലെ വൈദികന്‍ ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരേയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം മരണഭയമുളവാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തി (506 (1)), സ്വാധീനിക്കാന്‍ ശ്രമിച്ചു (214) എന്നീ വകുപ്പുകള്‍ ചുമത്തി കുറവിലങ്ങാട് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതിയില്‍നിന്നു പിന്‍മാറിയാല്‍ പുതിയ മഠം പണിയുന്നതിന് പത്തേക്കര്‍ ഭൂമി വരെ വാഗ്ദാനം ചെയ്യുന്ന വൈദികന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജലന്ധര്‍ രൂപത എന്തിനും തയ്യാറായി നില്‍ക്കുകയാണെന്നും ഫാദര്‍ കന്യാസ്ത്രീയോട് പറഞ്ഞിരുന്നു. എന്നാല്‍, കന്യാസ്ത്രീ ഇതിനു വഴങ്ങാതെ വൈദികന്റെ ഫോണ്‍ സന്ദേശം പോലിസിനു കൈമാറുകയായിരുന്നു. വൈദികന്‍ നടത്തിയ ഫോണ്‍ സംഭാഷണവും പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്തിന്റെ മൊഴിയും പോലിസ് പാലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്നാണ് വൈദികനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. അതിനിടെ, ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരേ സഭയും നടപടി തുടങ്ങി. കുര്യനാട് ആശ്രമത്തില്‍ നിന്നു ജയിംസ് ഏര്‍ത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. സംഭവത്തില്‍ സഭ വൈദികനോട് വിശദീകരണവും തേടിയിട്ടുണ്ട്. സ്ഥലംമാറ്റിയതു കൂടാതെ ആശ്രമത്തിന്റെ പ്രയോര്‍ സ്ഥാനത്തുനിന്നും സ്‌കൂളുകളുടെ മാനേജര്‍ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സിന്റേതാണ് നടപടി.
Next Story

RELATED STORIES

Share it