Flash News

പരാതി അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങള്‍; ഒടുവില്‍ ഫ്രാങ്കോ കുടുങ്ങി

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡനപരാതി അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളാണ് വിവിധ കോണുകളില്‍നിന്നുണ്ടായത്. ജലന്ധര്‍ രൂപതയുമായി ബന്ധമുള്ളവരും ബിഷപ്പിന്റെ സഹായികളുമാണ് ഇതിനായി കരുക്കള്‍ നീക്കിയത്. പരാതിക്കാരിയായ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും പണവും അധികാരവും വാഗ്ദാനം നല്‍കി സ്വാധീനിക്കാനും നിരവധി ശ്രമങ്ങളുണ്ടായി. കത്തോലിക്കാ സഭയുടെ മേലധികാരികള്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീ നീതിക്കായി പോലിസിനെ സമീപിച്ചതോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന വാര്‍ത്ത പുറംലോകത്തെത്തുന്നത്. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും തെളിവുകളും സാക്ഷിമൊഴികളുമെല്ലാം എതിരായതോടെ ഒടുവില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ബിഷപ്പിന് മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്.
കുറവിലങ്ങാട്ടെ പള്ളിവികാരിക്കാണ് ആദ്യം കന്യാസ്ത്രീ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയത്. പിന്നീട് പാലാ ബിഷപ്പിന് പരാതി നല്‍കി. മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും വിവരം ധരിപ്പിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും ഇ-മെയില്‍ വഴി പരാതി അയച്ചു. ബിഷപ്പിന്റെ ഉന്നതതല സ്വാധീനംകൊണ്ട് ഈ പരാതികളൊന്നും പുറംലോകം കണ്ടില്ലെന്നാണ് പരാതിക്കാരിയും ബന്ധുക്കളും ആരോപിച്ചത്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു തുടക്കത്തില്‍ കര്‍ദിനാള്‍ അടക്കമുള്ള സഭാ നേതൃത്വത്തിന്റെ വാദം. എന്നാല്‍, പരാതിയുടെ പകര്‍പ്പുകളടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീ പുറത്തുവിട്ടതോടെ സഭാ നേതൃത്വം വെട്ടിലായി. ബിഷപ്പിനെക്കുറിച്ച് കന്യാസ്ത്രീ കര്‍ദിനാളിനോട് പരാതിപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണവും പരസ്യമായതോടെ പരാതി കിട്ടിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. സഭയില്‍നിന്ന് ആദ്യഘട്ടം അന്വേഷണമുണ്ടായെങ്കിലും തുടര്‍നടപടികളെല്ലാം മരവിക്കുകയായിരുന്നു. അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്നായിരുന്നു സഭയുടെ നിലപാട്. എന്നാല്‍, ഏതന്വേഷണവുമായി സഹകരിക്കാമെന്നു ചൂണ്ടിക്കാട്ടി കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് സഭയെ വീണ്ടും പ്രതിരോധത്തിലാക്കി.
ബിഷപ്പില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് മദര്‍ ജനറാളിനെ അറിയിച്ചെങ്കിലും പരാതിയില്‍നിന്നു പിന്‍മാറാനുള്ള ഉപദേശമാണ് ലഭിച്ചത്. സഭയില്‍നിന്നു നീതി കിട്ടില്ലെന്ന് ഉറപ്പായതിനെത്തുടര്‍ന്ന് കന്യാസ്ത്രീ പോലിസിനെ സമീപിച്ചതോടെയാണ് കേസില്‍ അട്ടിമറിശ്രമങ്ങളുണ്ടാവുന്നത്. കന്യാസ്ത്രീയെ സ്ഥലംമാറ്റിയതിന്റെ പേരില്‍ പീഡനത്തിന്റെ പേരുപറഞ്ഞ് ബന്ധുക്കളില്‍ നിന്നു തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നാരോപിച്ചാണ് ബിഷപ് പോലിസില്‍ പരാതി നല്‍കിയത്. ആദ്യം പരാതി നല്‍കിയത് താനാണെന്നും ബിഷപ് വാദിച്ചു. എന്നാല്‍, ബിഷപ്പിന്റെ പരാതിയില്‍ കഴമ്പില്ലെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് കന്യാസ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മ രംഗത്തെത്തി. എന്നാ ല്‍, പോലിസിന്റെ ചോദ്യംചെയ്യലില്‍ ബിഷപ്പിന്റെ സഹായികളൊരുക്കിയ കെണിയാണ് ആരോപണമെന്നു വ്യക്തമായി. തുടര്‍ന്നാണ് പരാതിക്കാരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും സ്വാധീനിക്കാന്‍ ശ്രമമുണ്ടായത്. പീഡനക്കേസില്‍ നിന്നു പിന്‍മാറുന്നതിന് അഞ്ചുകോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും ബിഷപ് ഇടനിലക്കാരന്‍വഴി വാഗ്ദാനം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ സഹോദരനാണ് പോലിസില്‍ പരാതി നല്‍കിയത്.
കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയതലത്തിലും അട്ടിമറികള്‍ നടക്കുന്നതായും കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. അതിനിടെ ബിഷപ്പിനെതിരായ പീഡനപരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് ഫാ. ജയിംസ് ഏര്‍ത്തയില്‍ ഭീഷണിപ്പെടുത്തുകയും വാഗ്ദാനം നല്‍കുകയും ചെയ്ത ശബ്ദരേഖ തെളിവുസഹിതം പുറത്തായത്. ഇദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസെടുത്തെങ്കിലും കോടതിയില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യം സമ്പാദിക്കുകയായിരുന്നു. ബിഷപ്പിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് മിഷണറീസ് ഓഫ് ജീസസ് അന്വേഷണക്കമ്മീഷനെ നിയമിക്കുന്നതും കന്യാസ്ത്രീക്കെതിരേ കുറ്റപത്രം തയ്യാറാക്കുന്നതും. പീഡനം നടന്നുവെന്നു പറയുന്നതിന്റെ തൊട്ടടുത്ത ദിവസം ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രമടക്കം പുറത്തുവിട്ട് കന്യാസ്ത്രീയെ സമ്മര്‍ദത്തിലാക്കാനും ശ്രമമുണ്ടായി. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സ്ഥാപിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു മിഷണറീസ് ഓഫ് ജീസസിന്റെ ലക്ഷ്യം. സമുന്നത ആത്മീയ നേതാവായ ബിഷപ്പിനെതിരേ ഒരു കന്യാസ്ത്രീ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയതിനെ സമാനതകളില്ലാത്ത ഒരു കേസായാവും ചരിത്രം രേഖപ്പെടുത്തുക.
Next Story

RELATED STORIES

Share it