Flash News

പരാതിക്കാരെ കാണാന്‍ കമ്മീഷന്‍ അധ്യക്ഷ വിസമ്മതിച്ചു: ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങ് പ്രഹസനമായി



തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ അവസരം നല്‍കാതിരുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ തിരുവനന്തപുരം സിറ്റിങ് പ്രഹസനമായി. രാവിലെ മുതല്‍ ഇവര്‍ താമസിക്കുന്ന തൈക്കാട് ഗസ്റ്റ്ഹൗസില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. ചൊവ്വാഴ്ച കോഴിക്കോട് സന്ദര്‍ശനത്തിനു ശേഷം തിരുവനന്തപുരം ജില്ലയില്‍ പരാതിക്കാരെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുമെന്ന് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് എത്തിയവരായിരുന്നു ബഹുഭൂരിപക്ഷം പരാതിക്കാരും. തിരുവനന്തപുരം ജില്ലയ്ക്കു പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും പരാതിക്കാര്‍ എത്തിയിരുന്നു. എന്നാല്‍, ആരെയും കാണാന്‍ കൂട്ടാക്കാതെ വനിതാ കമ്മീഷന്‍ അധ്യക്ഷ രാവിലെ 9 മണിക്കു മുമ്പുതന്നെ ഗസ്റ്റ്ഹൗസില്‍ നിന്നു പോവുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ വിവിധ ജില്ലകളില്‍ നിന്ന് അതിരാവിലെ എത്തിയവര്‍ക്ക് പരാതി നല്‍കാന്‍ അവസരം നിഷേധിച്ച കമ്മീഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സന്ദര്‍ശിക്കാന്‍ എത്തിയവര്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനില്‍ അന്വേഷിച്ചപ്പോള്‍ ഇവരുടെ സന്ദര്‍ശനത്തെ കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും അവരുടെ ആവലാതികള്‍ക്ക് പരിഹാരം കാണാനുമാണ് വനിതാ കമ്മീഷന്‍ മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍, അത്തരം യാതൊരു ഇടപെടലും ഇന്നലെ തിരുവനന്തപുരത്ത് നടന്ന സിറ്റിങില്‍ ഉണ്ടായില്ലെന്നും പരാതി നല്‍കാനെത്തിയ പരീത്-നസീമ ദമ്പതികള്‍ പറഞ്ഞു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നടന്ന സിറ്റിങില്‍ നിരവധി പേര്‍ കമ്മീഷന്‍ അധ്യക്ഷയെ കണ്ട് പരാതി ന ല്‍കിയിരുന്നു. തെക്കന്‍ ജില്ലകളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയതും മതം മാറ്റിയതും ഉള്‍െപ്പടെയുള്ള കേസുകളുമായാണ് പലരും കമ്മീഷനെ കാണാനെത്തിയത്. ആര്‍എസ്എസ് എതിര്‍കക്ഷികളായുള്ള കേസുകള്‍ പരിഗണിക്കാതിരുന്നത് വനിതാ കമ്മീഷന്റെ കൃത്യമായ രാഷ്ട്രീയ പക്ഷപാതിത്വമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരുവന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ കാണാന്‍ രാവിലെ തന്നെ കമ്മീഷന്‍ അനുവദിച്ചിരുന്നു. അവരില്‍ നിന്ന് പരാതി സ്വീകരിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it