പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്: എസ്പി

കോട്ടയം/കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്പി എസ് ഹരിശങ്കര്‍. ഇതുസംബന്ധിച്ച മൊബൈല്‍ ഫോണ്‍ റിക്കാഡിങ് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലിസിന്റെ കൈവശമുണ്ട്.
കന്യാസ്ത്രീ പീഡനപരാതി നല്‍കിയതു മുതല്‍ മഠത്തില്‍ പോലിസ് കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബിഷപ്പിനെ ചോദ്യംചെയ്യുന്ന ഈ മാസം 19ന് മുമ്പ് കേസില്‍ കൃത്യമായ നിഗമനത്തിലെത്തും.
അതേസമയം, ബിഷപ് 19ന് ഹാജരായില്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചതായും വിവരമുണ്ട്. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു.ഏതെങ്കിലും സാഹചര്യത്തില്‍ ബിഷപ് ഹാജരായില്ലെങ്കില്‍ ജലന്ധറില്‍ ചെന്ന് കസ്റ്റഡിയിലെടുക്കേണ്ടിവരും. എന്നാല്‍, പഞ്ചാബിലെ ഉന്നതങ്ങളില്‍ പിടിപാടുള്ള ബിഷപ്പിനെ ജലന്ധറില്‍ ചെന്ന് കസ്റ്റഡിയിലെടുക്കുക ശ്രമകരമായിരിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായം തേടുന്നത്.

Next Story

RELATED STORIES

Share it