പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ കുട്ടികളെ ഏറ്റെടുത്തു: മന്ത്രി

കൊച്ചി: ആലുവ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നു മന്ത്രി കെ കെ ശൈലജ. ശിശുഭവനിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിലേക്കു വരെ പരാതികള്‍ പോയിരുന്നു. കോടതിയിലും കേസുണ്ട്. കുട്ടികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട ഘട്ടം വന്നതിനാലാണ് സ്ഥാപനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
സ്ഥാപനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് കലക്ടറോട് തേടിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം, അവരുടെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. കുട്ടികളെ പാര്‍പ്പിച്ചതും അനധികൃതമായിട്ടാണ്. ഇവിടെ എത്തിച്ചതിനു ശേഷം നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. കാണാതായവരെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. നിലവില്‍ മാതാപിതാക്കളുള്ള കുട്ടികളെ അവര്‍ക്കൊപ്പം വിടും. മറ്റ് ആശ്രയങ്ങളില്ലാത്ത കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. നിലവില്‍ ജനസേവ സംബന്ധിച്ച കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോടതി തന്നെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. കോടതി നിര്‍ദേശം കൂടി പരിഗണിച്ചതിനു ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി ശൈലജ കൊച്ചിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it