പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: എം എം മണി

തൃശൂര്‍: ഉപഭോക്താക്കളുടെ പരാതികള്‍ ക്രിയാത്മകമായി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു മന്ത്രി എംഎം മണി. തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ കെഎസ്ഇബി വിതരണ മേഖലാ ജീവനക്കാരുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളുടെ പരാതികളോടും ന്യായമായ ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനം ഇപ്പോഴും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. കറന്റ് പോയാല്‍ ഇലക്ട്രിസിറ്റി ഓഫിസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത അവസ്ഥ ഉണ്ടാവരുത്. പരാതി പരിഹരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉദ്യോഗസ്ഥര്‍ കാട്ടേണ്ടതുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ അഭിമാനനേട്ടം കൈവരിക്കുമ്പോഴും മികച്ച സേവനം നല്‍കുന്ന കാര്യത്തില്‍ ഇനിയും പുരോഗമിക്കണം. മികച്ച സേവനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവും. നടത്തിവരുന്ന പല പദ്ധതികളും ഇടയ്ക്കു നിര്‍ത്തിവയ്ക്കുന്നതു കോടിക്കണക്കിനു രൂപയടെ ബാധ്യത വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരായ പി കുമാരന്‍, പ്രസാദ് മാത്യു, എം വി ജോസ് യോഗത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it