malappuram local

പരാതികളുമായി വീണ്ടും ഒട്ടേറെ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം: മഞ്ചേരി എന്‍എസ്എസ് കോളജിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ വീണ്ടും ഒട്ടേറെ പരാതികളുമായി വിദ്യാര്‍ഥികള്‍. കാലിക്കറ്റ് സര്‍വകലാശാലാ അവസാന വര്‍ഷ ബിരുദ പരീക്ഷയിലാണ് കൂട്ടത്തോല്‍വി.
കഴിഞ്ഞ 9ന് ഫലം പ്രസിദ്ധീകരിച്ച ബിഎസ്‌സി കെമിസ്ട്രിയുടെ കോംപ്ലിമെന്ററി വിഷയമായ മാത്‌സ് പരീക്ഷയിലാണ് കൂട്ടത്തോല്‍വിയെന്ന പരാതികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയത്. ഇന്നലെയാണു മറ്റൊരു കോളജിലെ വിദ്യാര്‍ഥികളുടെയും പരാതികള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചത്. മഞ്ചേരി എന്‍എസ്എസില്‍ പരീക്ഷയെഴുതിയ 23ല്‍ 12 പേര്‍ പൂര്‍ണമായും പരാജയപ്പെടുകയും ആറുപേര്‍ ഇ-ട്രേഡിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തതതായാണു പരാതി.
കൂട്ടത്തോല്‍വി അന്വേഷിക്കണമെന്നും മൂല്യനിര്‍ണയത്തിലെ അശ്രദ്ധയാണു കാരണമെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ 5ന് ഫലം പ്രസിദ്ധീകരിച്ച വിദൂര വിദ്യാഭ്യാസ വിഭാഗം എംകോം പരീക്ഷയിലും കൂട്ടത്തോല്‍വിയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ചേളന്നൂര്‍ എസ്എന്‍ കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് കൂട്ടത്തോടെ പരാജയപ്പെട്ടതായി പരാതിയുള്ളത്.
മാര്‍ക്ക് തീരെയില്ലാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്കും കൂടുതലുള്ളവര്‍ക്ക് കുറഞ്ഞ മാര്‍ക്കും രേഖപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ ആക്ഷേപമുന്നയിച്ചു. ഈ വിദ്യാര്‍ഥികള്‍ പലരും സപ്ലിമെന്ററി പരീക്ഷക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷ നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it