പരാജയ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം: കോടിയേരി

മലപ്പുറം: ജിഷ കൊലപാതകക്കേസില്‍ പോലിസിനു വീഴ്ച പറ്റിയതിനാല്‍ പരാജയ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലിസ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യഥാസമയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൈമാറേണ്ടതായിരുന്നു. ഇരുപത്തിയെട്ടിനു നടന്ന കൊലപാതകം രണ്ടാം തിയ്യതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പുറംലോകം അറിയുന്നത്. തിരഞ്ഞെടുപ്പു സമയമായതിനാല്‍ സംഭവം പുറത്തറിയിക്കേണ്ടെന്ന് ഏതോ കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച സന്ദേശമാണ് മൂടിവയ്ക്കാന്‍ കാരണം. യോഗ്യതയുള്ള ഡോക്ടറല്ല ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നു പുറത്തുവന്നിട്ടുണ്ട്. ജിഷയുടെ അമ്മയുടെ പോലും ആവശ്യം മറികടന്നു വീട്ടിലേക്കു കൊണ്ടുവരാതെ മൃതദേഹം രാത്രി സംസ്‌കരിക്കുകയാണ് ചെയ്തത്. സംഭവം നടന്ന സ്ഥലത്ത് സുരക്ഷ ഒരുക്കാതെ എല്ലാവര്‍ക്കും കയറിയിറങ്ങാവുന്ന നിലയിലായിരുന്നു. ഇതു തെളിവു നശിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണത്തിനു നിയോഗിച്ച ഡിവൈഎസ്പിയെ കുറിച്ചു തന്നെ ആക്ഷേപമുണ്ട്. സംഭവത്തില്‍ ഒരു പ്രതി മാത്രമുള്ളൂവെന്ന നിലപാടാണ് അന്വേഷണത്തിനു മുമ്പേ ആദ്യം ഐജി സ്വീകരിച്ചത്. അന്വേഷണ സംഘത്തില്‍ 1500 പോലിസുണ്ടെന്നു പറയുമ്പോഴും തെളിവുകള്‍ പോലിസ് അനാസ്ഥയില്‍ നശിപ്പിക്കപ്പെട്ടതാണ് കേസ് അന്വേഷണത്തിനു തടസ്സം. നിരവധി കേസുകളിലെ പുരോഗതി കണക്കിലെടുത്ത് ജിഷ കേസിന്റെ അന്വേഷണച്ചുമതലയും വനിതാ പോലിസ് ഉദ്യോഗസ്ഥയ്ക്കു കൈമാറണമെന്നും കോടിയേരി പറഞ്ഞു. വഴിമുട്ടിയ ബിജെപിക്കു വഴികാട്ടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണു മല്‍സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബിജെപിയെ മുന്‍പന്തിയിലെത്തിക്കാനുള്ള തന്ത്രമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുസ്‌ലിംലീഗും പ്രതികരിക്കണം. ഇടതു മുന്നണി നൂറിലേറെ സീറ്റുനേടുമെന്ന റിപോര്‍ട്ടിന്റെ ഭയത്തിലാണ് പ്രസ്താവന. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കു നിയമപാലകരില്ല, പോലിസിനു മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട് പോവലാണ് പണി. മലപ്പുറത്ത് ഇത്തവണ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് മുന്നണിക്കു പുറത്തുള്ള വോട്ടുകള്‍ കൂടി ലഭിക്കും. പാര്‍ട്ടി അംഗമല്ലാത്തവര്‍ക്ക് ചിഹ്നം അനുവദിക്കാറില്ല. കെ ടി ജലീല്‍ സഹയാത്രികന്‍ മാത്രമായതിനാലാണ് ചിഹ്നം നല്‍കാത്തത്. അതേസമയം നികേഷ് കുമാറിനു പാര്‍ട്ടി കുടുംബ പാരമ്പര്യമുണ്ടെന്നും കോടിയേരി പറഞ്ഞു. മുതലാളിമാരെ പരിഗണിക്കുകയാണ് ലീഗെന്നും ഇത്തരക്കാരെവച്ച് ഞങ്ങളും നോക്കട്ടെയെന്നുമായിരുന്നു ജില്ലയിലെ ഇടതു സ്വതന്ത്രരെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി.
Next Story

RELATED STORIES

Share it