Editorial

പരാജയത്തിന്റെ രണ്ടു വര്‍ഷങ്ങള്‍

നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ ഭരണകൂടം രണ്ടുവര്‍ഷം പിന്നിടുകയാണ്. 'അച്ഛാ ദിന്‍' വാഗ്ദാനം ചെയ്ത് കടന്നുവന്ന ബിജെപിയും സഖ്യകക്ഷികളും 31 ശതമാനം വോട്ടര്‍മാരുടെ അംഗീകാരത്തോടെയാണ് കേന്ദ്രത്തില്‍ അധികാരമേറിയത്. എന്നാല്‍, നല്ലദിനങ്ങള്‍ വന്നില്ലെന്നു മാത്രമല്ല, രാജ്യം സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളില്‍ ഉഴലുകയുമാണ്.
യഥാര്‍ഥത്തില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടലിനും ചെകുത്താനുമിടയിലായിരുന്നു വോട്ടര്‍മാര്‍. സര്‍വത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ച് നാണംകെട്ട രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്ന് ഒരു മോചനം എന്ന നിലയിലാണ് വലിയൊരുവിഭാഗം ഗത്യന്തരമില്ലാതെ എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചത്. തൊഴിലില്ലാത്ത യുവതയ്ക്ക്, ദുരിതം നേരിടുന്ന കര്‍ഷകന്, അടിച്ചമര്‍ത്തപ്പെടുന്ന ദലിതന്, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക്, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്, നിസ്സഹായരായ വയോധികര്‍ക്ക്, അനാഥത്വം പേറുന്ന പ്രവാസികള്‍ക്ക് പുതിയ ഭരണകൂടം ചെറിയ പ്രതീക്ഷയല്ല നല്‍കിയത്.
എന്നാല്‍, രണ്ടുവര്‍ഷത്തെ കണക്കെടുപ്പ് നിരാശാജനകമാണ്. നാനൂറോളം കര്‍ഷകര്‍ ആത്മഹത്യചെയ്ത മഹാരാഷ്ട്ര, കാര്‍ഷികമേഖല എത്രമാത്രം തകര്‍ന്നിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. വ്യവസായരംഗം മുരടിപ്പു നേരിടുന്നു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍-ഡീസല്‍ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ അതിനനുസൃതമായ ഒരു ഇളവും പൗരന്മാര്‍ക്കു ലഭിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള വിശേഷാല്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നില്ല. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഓര്‍മിക്കാന്‍പോലും താല്‍പര്യമില്ലാത്ത നിലയിലാണ് നരേന്ദ്രമോദി. ഒരുവശത്ത് മെയ്ക്ക് ഇന്‍ ഇന്ത്യ ഘോഷിക്കുമ്പോള്‍ മറുവശത്ത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ചൈനയിലാണ് വാര്‍ക്കുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം എല്ലാരംഗത്തും ദൃശ്യമാണ്. സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനങ്ങളെ ആശ്വസിപ്പിക്കുമെന്നാണ് എന്‍ഡിഎ കരുതുന്നത്.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിവേരറുക്കുന്ന സമീപനങ്ങളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന പ്രധാനമന്ത്രി ആ സംഘടനയുടെ നയങ്ങള്‍ നടപ്പാക്കാന്‍ നടത്തുന്ന ശ്രമം മനസ്സിലാക്കാനാവും. പക്ഷേ, ഭരണഘടന അടിസ്ഥാനമാക്കി പ്രതിജ്ഞചെയ്ത് അധികാരമേറ്റ ഒരു ഭരണാധികാരി, വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ ജനസമൂഹത്തെ വിഭജിക്കുകയും പൗരന്മാരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും കോടാലിവയ്ക്കുന്നതായാണ് ഓരോ നാളിലും തെളിയുന്നത്.
വിശപ്പില്‍നിന്നും ഭയത്തില്‍നിന്നുമുള്ള മോചനമാണ് ആത്യന്തികമായി പൗരന്റെ ആവശ്യം. ഭക്ഷണം നല്‍കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാധ്യമാവാത്ത ഒരു ഭരണകൂടമാണിത്. മോദി സര്‍ക്കാര്‍ പരാജയമാണെന്നു സഖ്യകക്ഷിയായ ശിവസേനപോലും അഭിപ്രായപ്രകടനം നടത്തിയ സാഹചര്യത്തില്‍ എന്തിന് കൂടുതല്‍ പറയണം?
Next Story

RELATED STORIES

Share it