പരാജയം കോണ്‍ഗ്രസ് മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് ഓരോ മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ വിശദമായി വിലയിരുത്താന്‍ കെപിസിസി തീരുമാനം.
ഇതിനായി ജൂണ്‍ 4, 5 തിയ്യതികളില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ക്യാംപ് എക്‌സിക്യൂട്ടീവ് ചേരുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന നിര്‍വാഹകസമിതിയില്‍ ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ റിപോര്‍ട്ടുകളുടെ പ്രാഥമിക വിലയിരുത്തല്‍ നടന്നു. രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് ക്യാംപ് എക്‌സിക്യൂട്ടീവ് ചേരാന്‍ തീരുമാനിച്ചത്. ക്യാംപിന്റെ ആദ്യദിവസം തിരഞ്ഞെടുപ്പുഫലം പൂര്‍ണമായും വിലയിരുത്തും. രണ്ടാംദിവസം പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോവാനുള്ള രൂപരേഖ തയ്യാറാക്കും. ജനവിധി വിനയത്തോടെ മാനിക്കുന്നുവെന്നും വോട്ട് ചെയ്തവര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നതായും സുധീരന്‍ പറഞ്ഞു.
എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്ന നാള്‍ മുതല്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ഇത്തവണ പ്രതിപക്ഷത്തിരിക്കാനാണ് ജനങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആ ചുമതല പൂര്‍ണമായും നിറവേറ്റും. അതോടൊപ്പം എല്‍ഡിഎഫ് മന്ത്രിസഭ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി താനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം ചര്‍ച്ചചെയ്തു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകില്ലെന്ന തീരുമാനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് ബാര്‍ ലോബിയാണ്. മറ്റുപല ഘടകങ്ങളും തോല്‍വിക്കു കാരണമായി. മദ്യനയത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുകയാണെന്നും ഒരു ഭേദഗതിയും വരുത്തില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
തോല്‍വി പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടില്ല. അതേസമയം, ക്യാംപ് എക്‌സിക്യൂട്ടീവില്‍ അത്തരമൊരു നിര്‍ദേശമുയര്‍ന്നാല്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it