palakkad local

പരസ്യ വിസര്‍ജന വിമുക്ത പദ്ധതി പേരിലൊതുങ്ങുന്നു



പാലക്കാട്്: ജില്ലയെ പരസ്യ വിസര്‍ജനവിമുക്തമാക്കുന്ന പദ്ധതി (ഒഡിഎഫ്) കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയോയെന്ന് പരിശോധിക്കേണ്ട ശുചിത്വ മിഷനില്‍ സ്ഥിരം ഉദ്യോഗസ്ഥരില്ല. എല്ലാം ചുമതലക്കാരും കരാറുകാരും മാത്രം ജില്ലയെ ആറുമാസം മുമ്പേ സമ്പൂര്‍ണ പരസ്യവിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ചതാണ്. ഗ്രാമീണമേഖലയുടെ പ്രഖ്യാപനമാണ് ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ഒക്‌ടോബറില്‍ നടത്തിയത്. ഏപ്രില്‍ എട്ടിന് പാലക്കാട്  നഗരസഭ കൂടി പ്രഖ്യാപനം നടത്തിയതോടെ ജില്ലയിലെ ഏഴ് നഗരസഭകള്‍കൂടി ഒഡിഎഫ് പദവി നേടുമെന്നായിരുന്നു വാദം. എന്നാല്‍, ഇപ്പോള്‍ നിരവധി കുടുംബങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പുഴയോരങ്ങളെയും പാടങ്ങളെയും പുറമ്പോക്കുകളെയും ആശ്രയിക്കുന്നുണ്ട്. അത്  പരിഹരിക്കാതെയാണ് സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് ധൃതി പിടിച്ച് അധികൃതര്‍ പരസ്യ വിസര്‍ജന വിമുക്ത പദവി തട്ടിക്കൂട്ടിയത്. ഇത് പരിശോധിക്കാന്‍ ബാധ്യസ്ഥരായ ജില്ലാ ശുചിത്വ മിഷനാകട്ടെ ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിയുന്നു.ഫീല്‍ഡ് തല പരിശോധന നടത്തുന്നതിന് ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് ഉത്തരവ്. ഇപ്പോഴുള്ള താത്കാലിക റിസോഴ്‌സ്  പേഴ്‌സണ്‍മാരെ ഉപയോഗിച്ച് സൂക്ഷ്മപരിശോധന പ്രായോഗികമല്ല. നഗരത്തില്‍ ഒരാള്‍പോലും ദിവസത്തില്‍ ഒരു നേരത്തും വെളിമ്പ്രദേശത്ത് മലമൂത്രവിസര്‍ജനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയാലേ സമ്പൂര്‍ണ പരസ്യവിസര്‍ജന വിമുക്തമാവുകയുള്ളൂ എന്നാണ് ഒഡിഎഫിന്റെ നിര്‍വചനം. തദ്ദേശസ്ഥാപനങ്ങള്‍ ഇത് കൈവരിച്ചെന്ന് എഴുതി നല്‍കുമ്പോള്‍ അത് ശരിയാണോയെന്ന് പരിശോധന നടത്തേണ്ടത് ശുചിത്വമിഷനാണ്. ജീവനക്കാരില്ലാത്തതിനാല്‍ ഇത് വേണ്ടവണ്ണം നടത്താനായിട്ടില്ല. ശുചിത്വമിഷനില്‍ ആകെയുള്ള ഒരു സ്ഥിരം തസ്തിക ജില്ലാ കോ-ഓര്‍ഡിനേറ്ററുടേതാണ്. ഗ്രാമവികസനവകുപ്പ് അസി. ഡെവലപ്‌മെന്റ് കമ്മീഷണറാണ് ഇപ്പോള്‍ ഈ തസ്തികയുടെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിന് മറ്റു രണ്ട് ഓഫീസുകളുടെ കൂടി അധികച്ചുമതലയുണ്ട്.  ബാക്കിയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം ഓഫീസര്‍ തസ്തികകളില്‍ കരാര്‍ ജീവനക്കാരാണ്. കഴിഞ്ഞമാസം പ്രോഗ്രാം ഓഫീസറെയും സ്ഥലം മാറ്റിയിരുന്നു. ഒ.ഡി.എഫ് ഗുണഭോക്താക്കളുടെ പട്ടിക അന്തിമ പരിശോധന നടത്തേണ്ടത് ജില്ലാ ശുചിത്വമിഷനാണ്. വീഴ്ചയുണ്ടായാല്‍ ഉത്തരവാദിത്വം ഫീല്‍ഡ് പരിശോധന നടത്തിയവര്‍ക്കും സൂപ്പര്‍ചെക്ക് നടത്തിയ ഉദ്യോഗസ്ഥനുമായിരിക്കും. ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതിയുടെ നടപടി ക്രമപ്രകാരം  ഇപ്പോള്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തി വരികയാണ്. അപാകം കണ്ടെത്തിയാല്‍ പരിഹാര നടപടി സ്വീകരിക്കേണ്ടിവരുമെന്നിരിക്കേ പ്രഖ്യാപനം  ഒ.ഡി.എഫ്  പേരിലൊതുങ്ങുകയാണ്.
Next Story

RELATED STORIES

Share it