Idukki local

പരസ്യ പ്രചാരണം സമാപിച്ചു: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെടുപ്പ് നാളെ ഏഴ് മുതല്‍

തൊടുപുഴ: പരസ്യ പ്രചാരണം സമാപിച്ചതോടെ ഇനി എങ്ങും നിശബ്ദമായ വോട്ടു പിടുത്തം.ആടിനില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനും പുതിയ അണിയറ നീക്കങ്ങള്‍ക്കും ഇന്നത്തെ ഒരു ദിവസം വേദിയാകും.ആവേശകരമായ സമാപനമാണ് എല്ലാ മണ്ഡലങ്ങളിലും നടന്നത്.
തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും സമാധാനപരവുമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്.സമ്മതിദാനാവകാശം സ്വതന്ത്രവും നിര്‍ഭയവുമായ രീതിയില്‍ നിറവേറ്റാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുന്നെ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാകലക്ടറുമായ ഡോ. എ കൗശിഗന്‍ പറഞ്ഞു. ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളിലേക്കായി ആകെ 41 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ആകെ 8,87,302 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുക. ഇതില്‍ 436988 പേര്‍ പുരുഷന്‍മാരും 449057 പേര്‍ സ്ത്രീകളുമാണ്. 94 ഓവര്‍സീസ് വോട്ടേഴ്‌സും 1169 സര്‍വ്വീസ് വോട്ടേഴ്‌സും ജില്ലയിലുണ്ട്.
ആകെയുള്ള 884 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമാക്കി.884 പോളിങ് സ്റ്റേഷനുകളിലായി 3715 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 540 പേരെ റിസര്‍വ് പോളിങ് ഉദ്യോഗസ്ഥരായി നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ 960 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ആകെ 5245 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
വോട്ട് ചെയ്യല്‍ വേറിട്ട അനുഭവമാക്കി മാറ്റാന്‍ വിപുലമായ സൗകര്യങ്ങളുമായി 30 സ്ഥലങ്ങളില്‍ മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴ നിയോജകമണ്ഡലത്തിലെ എട്ടിടങ്ങളില്‍ സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പോളിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷ ഒരുക്കാനായി 1923 പോലിസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ വി ജോസഫ് പറഞ്ഞു. 360 പേരടങ്ങുന്ന അഞ്ച് കമ്പനി കേന്ദ്രസേനയും ജില്ലയിലുണ്ട്. 36 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങും 24 ബൂത്തുകളില്‍ വീഡിയോ കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനായി റിസര്‍വ്വ് ഉള്‍പ്പെടെ 1182 വോട്ടിംഗ് മെഷീനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
അംഗപരിമിതര്‍ക്കും വൃദ്ധര്‍ക്കും അവശര്‍ക്കും സുഗമമായി വോട്ട് ചെയ്യാനായി 114 വീല്‍ചെയറുകളും വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 780ലധികം പോളിങ് സ്റ്റേഷനുകളില്‍ സ്ഥിരം റാംപ് സൗകര്യവും ശേഷിക്കുന്ന ഇടങ്ങളില്‍ താല്‍ക്കാലിക സംവിധാനവും ഏര്‍പ്പെടുത്തി.
എല്ലാ പോളിങ് സ്റ്റേഷനുകളിലും ടോയ്‌ലറ്റും കാത്തിരിപ്പ് സ്ഥലവും കുടിവെള്ളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it