Idukki local

പരസ്യ പ്രചാരണം ഇന്ന് സമാപിക്കും; ജില്ലയില്‍ 3,339 സ്ഥാനാര്‍ഥികള്‍

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും. ഇനി മുതല്‍ നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ പാടില്ല.
പോളിങ് സ്റ്റേഷനുകളിലേക്ക് സമ്മതിദായകരെ കൊണ്ടുപോകുന്നതിനും മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്. മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ പോളിങ് സ്റ്റേഷന്റെ നൂറ് മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും പോളിങ് ദിവസം വോട്ട് പിടിക്കാന്‍ പാടില്ല.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ 3339 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 1668 പേര്‍ പുരുഷന്മാരും 1671 പേര്‍ സ്ത്രീകളുമാണ്.
ഗ്രാമപഞ്ചായത്തിലേക്ക് 2654 പേര്‍ മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത് 363 സ്ഥാനാര്‍ഥികളാണ്. ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത് 52 പേരാണ്. രണ്ട് മുനിസിപ്പാലിറ്റികളിലേക്കായി 270 പേരാണുള്ളത്.
ജില്ലയില്‍ മൊത്തം 8,49,184 വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ ജനവിധി നിര്‍ണ്ണയിക്കുന്നത്. ഇതില്‍ 4,21,703 പുരുഷന്‍മാരും 4,27,481 സ്ത്രീകളുമാണുള്ളത്.
Next Story

RELATED STORIES

Share it