kannur local

പരസ്യ കശാപ്പിന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ



കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരേ പരസ്യകശാപ്പ് നടത്തി പ്രതിഷേധിച്ചതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ കൂട്ടായ്മയുമായി രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്്‌സഭാ മണ്ഡലം മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റി, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ശറഫുദ്ദീന്‍ കാട്ടാമ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചപേത്കര്‍ സാംസ്‌കാരിക വേദി എന്ന പേരില്‍ പുതിയ കൂട്ടായ്മയുണ്ടാക്കിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടിയ ചപേദ്കര്‍ സഹോദരങ്ങളുടെ പേരിലുള്ള കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈമാസം 30നു വൈകീട്ട് നാലിനു കണ്ണൂര്‍ കാല്‍ടെക്‌സില്‍ പ്രതിഷേധ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ജുനൈദ്, സംഘപരിവാര്‍ ഫാഷിസത്തിന്റെ ഒടുവിലത്തെ ഇര, ഉണരൂ മനുഷ്യത്വമേ എന്ന പേരിലാണു പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നത്. സിപിഎം ഉള്‍പ്പെടെയുള്ളവരുടെ ന്യൂനപക്ഷ വേദികളിലെ സ്ഥിരം ക്ഷണിതാവും എംഇഎസ് ചെയര്‍മാനുമായ ഡോ. ഫസല്‍ ഗഫൂറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുസ്്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി കെ ഫൈസല്‍ ബാബു മലപ്പുറം മുഖ്യാതിഥിയാവും. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മനു തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് കൂവേരി, ചലച്ചിത്ര സംവിധായകന്‍ മൊയ്തു താഴത്ത്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും. മോദി സര്‍ക്കാരിനു കീഴിലെ ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ് പോലുള്ള പ്രതിഷേധസമരങ്ങളെ നേരത്തേ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചിരുന്നു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ ഇരിക്കുമ്പോഴാണ്, സംസ്ഥാനത്ത് ആദ്യമായി കണ്ണൂരില്‍ ടിപ്പു ജയന്തി ആഘോഷവും സംഘടിപ്പിച്ചത്. കര്‍ണാടകയില്‍ ടിപ്പു ജയന്തിക്കെതിരേ ആര്‍എസ്എസ് രംഗത്തെത്തിയപ്പോഴാണ് കണ്ണൂരിലും ആഘോഷം സംഘടിപ്പിച്ചത്. പരിപാടിക്കെതിരേ ആര്‍എസ്എസ് പ്രതിഷേധവുമായെത്തിയപ്പോള്‍ പോലിസ് കാവലിലായിരുന്നു അന്നു പരിപാടി നടത്തിയത്. ഫാഷിസത്തിനെതിരേ രാഷ്ട്രീയം മറന്ന് ഐക്യനിര രൂപപ്പെടുത്തണമെന്നു സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിലപാടെടുക്കുന്ന റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ, പരസ്യ കശാപ്പിന്റെ പേരില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നു വരെ സസ്‌പെന്റ് ചെയ്തത് ധൃതിപിടിച്ച നടപടിയായിപ്പോയെന്നു യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. കണ്ണൂര്‍ സിറ്റിയില്‍ നടന്ന പരസ്യ കശാപ്പിന്റെ ചിത്രം ദേശീയ മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ നല്‍കിയപ്പോ ള്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍ ഉടനടി വിമര്‍ശനവുമായെത്തിയിരുന്നു. റമദാന്‍ അവസാനത്തില്‍ ഹരിയാന സ്വദേശിയാ ഹാഫിസ് ജുനൈദിനെ ഡല്‍ഹിയില്‍ ട്രെയിനില്‍ വച്ച് ഹിന്ദുത്വര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പുറത്തേക്കെറിഞ്ഞു കൊലപ്പെടുത്തിയപ്പോള്‍ ഇത്തരം നേതാക്കളില്‍ നിന്നു വേണ്ടത്ര പ്രതിഷേധം ഉയര്‍ന്നില്ലെന്ന് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നവര്‍ക്കു പരാതിയുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ്, കെ സുധാകരന്റെ വിശ്വസ്തര്‍ കൂടിയായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, സിപിഎം പോഷക സംഘടനാ ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തി സംഘപരിവാരത്തിനെതിരേ പ്രതിഷേധമൊരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ഇക്കഴിഞ്ഞ മെയ് 27നു വൈകീട്ടാണ് കണ്ണൂര്‍സിറ്റിയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 കിലോ ഭാരമുള്ള മാടിനെ അറുത്ത് പ്രതിഷേധിച്ചത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്ത ടൗണ്‍ പോലിസ് റിജില്‍ മാക്കുറ്റി, ശറഫുദ്ദീന്‍ കാട്ടാമ്പള്ളി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി എന്‍ കെ വരുണ്‍, കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് തുടങ്ങി ഒമ്പതു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it