thrissur local

പരസ്യബോര്‍ഡുകള്‍ നീക്കാന്‍ 24 മണിക്കൂര്‍ സമയം: കലക്ടര്‍

തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍വീസ് സംഘടനകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പൊതു ഖജനാവില്‍ നിന്നുള്ള ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊതു നിരത്തില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ 24 മണിക്കുറിനകം നീക്കം ചെയ്യണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തവരുടെ ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശപ്രകാരം നീക്കം ചെയ്ത് റവന്യു റിക്കവറി നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളില്‍ പതിച്ച സര്‍വീസ് സംഘടനകളുടെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തില്ലെങ്കില്‍ ഓഫിസ് മേധാവിക്കെ തിരെ നടപടിയുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളില്‍ അനുമതി വാങ്ങുകയോ നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ സ്ഥാപിച്ചതിന്റേയും നീക്കം ചെയ്തതിന്റേയും ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തും.
പോഷക സംഘടനകളുടെ ബോര്‍ഡുകള്‍ക്കും ഇതു ബാധകമായിരിക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ വി രതീശന്‍ അറിയിച്ചു.
ക്യാംപ് ഓഫിസില്‍ നടത്തിയ യോഗത്തില്‍ എഡിഎം കെ സെല്‍വരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നളിനി, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it