Alappuzha local

പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി കലാശക്കൊട്ട് ആവേശമായി

ആലപ്പുഴ: രണ്ടുമാസം നീണ്ടുനിന്ന ദീര്‍ഘ പരസ്യപ്രചാരണത്തിനുശേഷം ഇന്നലെ വൈകീട്ട് ആറോടെ പരസ്യപ്രചാരണത്തിനു കൊടിയിറങ്ങി. വിവിധ മുന്നണികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് അവേശകരമായി.
പലയിടങ്ങിലും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മുഖാമുഖം വന്നെങ്കിലും ജില്ലയിലെങ്ങും അനിഷ്ടസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. തുറന്നവാഹനങ്ങളില്‍ മുന്നണിസ്ഥാനാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു കൊട്ടിക്കലാശം. വാഹനജാഥയും പാരഡി ഗാനങ്ങളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളുമായി ദിവസങ്ങളായി ശബ്ദമുഖരിതമാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണം ഇനിയുണ്ടാവില്ല.
ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ നാടിളക്കിയുള്ള കൊട്ടിക്കലാശത്തിനാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കൊപ്പം മറ്റുപാര്‍ട്ടികളും കാഴ്ചവച്ചത്. പരസ്യ പ്രചാരണം അവസാനിച്ചതോടെ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നിശബ്ദപ്രചാരണത്തില്‍ തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമമായിരിക്കും മുന്നണികള്‍ നടത്തുക. ആവേശകരമായ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. വൈകീട്ട് ആറോടെ പോലിസും കേന്ദ്രസേനയും തെരുവിലിറങ്ങി പ്രവര്‍ത്തകരെ നിയന്ത്രിച്ചു.
ആലപ്പുഴ കല്ലുപാലം ജങ്ഷനില്‍ കൊ്ട്ടിക്കലാശത്തിനു പുറപ്പെട്ട എല്‍ഡിഎഫിന്റെ യുഡിഎഫിന്റെ പ്രചാരണ വാഹനങ്ങള്‍ മുഖാമുഖം എത്തിയത് ഗതാഗതക്കുരുക്കിന് വഴിവച്ചു. ഗതാഗതക്കുരുക്ക് നീണ്ടതോടെ പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥയിലെത്തിച്ചു. പ്രാദേശിക നേതാക്കളെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുവിട്ടു ഗതാഗതക്കുരുക്ക് ഒഴിവാക്കിയും ഇവര്‍ മാതൃകയായി.
അമ്പലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷെയ്ക്ക് പി ഹാരിസിന്റെ പ്രചാരണ കൊട്ടിക്കലാശം ആലപ്പുഴ സക്കരിയ ബസാറില്‍ നടന്നു. ആലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന്റെ പ്രചാരണ കൊട്ടിക്കലാശം ആലപ്പുഴ കോടതി പാലത്തിന് സമീപം നടന്നു. മുദ്രാവാക്യം വിളികളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായി.
ലാലി വിന്‍സെന്റിന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം കൈചൂണ്ടി മുക്കില്‍ നടന്നു. പ്രവര്‍ത്തകര്‍ കൊടികള്‍ വീശിയും ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളും ആവേശത്തിരയിളക്കി. കാവുങ്കലില്‍ നിന്ന് ഇരുചക്രവാഹനങ്ങളടക്കം നൂറ് കണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടിയാണ് പ്രചാരണത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. കോമളപുരം, വളവനാട്, മാരാരിക്കുളം, കണിച്ചുകുളങ്ങര, ചെത്തി, കാട്ടൂര്‍, മാളികമുക്ക്, കൊറ്റംകുളങ്ങര എന്നിവിടങ്ങളിലൂടെയാണ് പര്യടനം മുന്നേറിയത്. കൈചൂണ്ടിമുക്കില്‍ നടന്ന യോഗം ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ഉണ്ണികൃഷ്ണന്‍, തോമസ് ജോസഫ്, കെ വി മേഘനാദന്‍, അഡ്വ. എം രവീന്ദ്രദാസ് പങ്കെടുത്തു.
കായംകുളം: വൈകീട്ട് മൂന്നു മണി മുതല്‍ വിവിധ മുന്നണി പ്രവര്‍ത്തകര്‍ നഗരം കൈയിലെടുത്ത അവസ്ഥയായിരുന്നു. എന്നാല്‍ അവസാന സമയങ്ങളില്‍ മുന്നണി പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്നു. നടന്‍ കോട്ടയം നസീര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നപ്പോള്‍ യുഡി എഫിന്റെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ഥികളാണ് പ്രവര്‍ത്തകരെ അവേശം കൊള്ളിച്ചത്. പിഡിപിയുടെ കലാശക്കൊട്ട് മേടമുക്കില്‍ നടന്നു.
Next Story

RELATED STORIES

Share it