പരസ്യങ്ങളുടെ പരിശോധനയ്ക്ക്മോണിറ്ററിങ് സമിതികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കാനുദ്ദേശിക്കുന്ന പരസ്യങ്ങളുടെ സൂക്ഷ്മ പരിശോധന യ്ക്ക് മോണിറ്ററിങ് സമിതികള്‍ രൂപീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലും ജില്ലാ കലക്ടറേറ്റുകളിലും ഇതിനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സമിതികള്‍ പ്രവര്‍ത്തിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇ കെ മാജി അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരിട്ട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള അപേക്ഷകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതി മുമ്പാകെയും സ്ഥാനാര്‍ഥികള്‍ നേരിട്ട് നല്‍കുന്നവ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതികളിലുമാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ പരസ്യത്തിന്റെ എഴുത്ത്പ്രതി, പരസ്യം തയ്യാറാക്കാനും അത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്താനും ചെലവാകുന്ന തുകയുടെ വിവരങ്ങള്‍, പരസ്യത്തിന്റെ ദൈര്‍ഘ്യം, അത് റിക്കാഡ് ചെയ്തിട്ടുള്ള ഡിവിഡികള്‍ (3 പകര്‍പ്പുകള്‍) എന്നിവ സഹിതം ബന്ധപ്പെട്ട സമിതികള്‍ മുമ്പാകെ സമര്‍പ്പിക്കണം. ഈ വിധം ലഭിക്കുന്ന പരസ്യങ്ങള്‍ ബന്ധപ്പെട്ട സമിതി സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ഏതെങ്കിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പക്ഷം അതുപ്രകാരം പരസ്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കണം. സമിതികളുടെ തീരുമാനത്തില്‍ വിയോജിപ്പുള്ളവര്‍ക്ക് അതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചെയര്‍മാനായുള്ള അപ്പലേറ്റ് കമ്മിറ്റി മുമ്പാകെ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കാം. ഇത്തരം പരസ്യങ്ങള്‍ക്കായി സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന തുക അവരവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. എസ്എംഎസ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ പരസ്യങ്ങള്‍ തിയേറ്റര്‍ സ്ലൈഡുകള്‍ തുടങ്ങിയവയെല്ലാം ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും. അതിനാല്‍ അത്തരം മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും മേല്‍പറഞ്ഞ സമിതികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെങ്കിലും അച്ചടിക്കപ്പെടുന്ന എല്ലാ പരസ്യങ്ങളിലും അവ പ്രസിദ്ധീകരിക്കുന്ന വ്യക്തികളുടെയോ പ്രസ്ഥാനത്തിന്റെയോ പൂര്‍ണമായ വിവരങ്ങള്‍, പ്രസ്സിന്റെ മേല്‍വിലാസം എന്നിവ ചേര്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it