Flash News

പരസ്യങ്ങളിലെ ചിത്രങ്ങള്‍ക്ക്എതിരേ ഹൈക്കോടതി



ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മറ്റു ഔദ്യോഗിക വ്യക്തികള്‍ തുടങ്ങി ഭരണഘടനാപദവിയിലുള്ളവരുടെ ചിത്രങ്ങള്‍ നല്‍കുന്നത് എന്തിനാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യം ആരാഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ഔദ്യോഗിക വ്യക്തികളുടെ ഫോട്ടോ സ്വകാര്യ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഗീതാ മിത്തലും ജസ്റ്റിസ് സി ഹരി ശങ്കറും അടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി. ഔദ്യോഗിക വ്യക്തികളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ അന്വേഷിച്ചുവരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അനില്‍ സോണി അറിയിച്ചു. സ്വകാര്യ പരസ്യങ്ങളില്‍ പൊതു വ്യക്തികളുടെ ചിത്രം ഉപയോഗിക്കുന്നതിലൂടെ ലക്ഷക്കണക്കിനു ജനങ്ങളില്‍ സ്വാധീനം ചെലുത്താനാവുമെന്ന് ഹരജിക്കാരനായ അജയ് ഗൗതം ചൂണ്ടിക്കാട്ടിയിരുന്നു. പരസ്യം കാണുന്നവര്‍, അതിന് ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവരുടെ പിന്തുണയുള്ളതായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്തവര്‍ഷം ഫെബ്രുവരി 19നു വീണ്ടും പരിഗണിക്കും.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമെ ഉപയോഗിക്കാവൂവെന്ന് 2015 മെയില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഫോട്ടോകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ടെന്നും  ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം രാഷ്ട്രീയ പ്രചാരണത്തിനായി ഭരണത്തിലിരിക്കുന്നവര്‍ ധൂര്‍ത്തടിക്കുന്നുവെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. വിധിയെ തമിഴ്‌നാട്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങളും സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞവര്‍ഷം പഴയ ഉത്തരവ് സുപ്രിംകോടതി ഭേദഗതി ചെയ്തിരുന്നു.
Next Story

RELATED STORIES

Share it