പരസ്പരം അംഗീകരിക്കാനുള്ള മനസ്സു വേണം: ഉപരാഷ്ട്രപതി

മലപ്പുറം: സഹിഷ്ണുതയ്‌ക്കൊപ്പം പരസ്പരം അംഗീകരിക്കാനുള്ള മനസ്സും തിരിച്ചറിവും കൂടിച്ചേര്‍ന്നാല്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സമാധാനമുള്ള സമൂഹത്തിനായി നാം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരുടെ സാന്നിധ്യം സഹിക്കുക എന്നതിലപ്പുറം അവരെ അറിയാനും അംഗീകരിക്കാനും കഴിയുന്ന തലത്തിലേക്ക് ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
സ്വാമി വിവേകാനന്ദന്റെ വാക്കുകളനുസരിച്ച് നമ്മള്‍ മറ്റു മതങ്ങളോട് സഹിഷ്ണുത കാണിച്ചാല്‍ മാത്രം പോര, അവയെ നന്മയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തു പിടിക്കാനും കഴിയണം. ആശയവിനിമയം തെറ്റിദ്ധാരണ അകറ്റും. പരസ്പര ധാരണ വികസിപ്പിക്കുന്നതില്‍ ആശയവിനിമയത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഈ നിര്‍ണായക ദൗത്യമാണ് സര്‍വമത സമ്മേളനം നിര്‍വഹിക്കുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ബഹുസ്വരതയുടെ സുദീര്‍ഘ പാരമ്പര്യമുള്ള നാടാണ് കേരളം. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് പേരുകേട്ട നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ ശശി തരൂര്‍, ഇ അഹ്മദ്, പി വി അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it