പരശുറാം എക്‌സ്പ്രസിന്റെ ബോഗികള്‍ ചോര്‍ന്നൊലിക്കുന്നു

കൊച്ചി: പരശുറാം എക്‌സ്പ്രസിന്റെ ജനറല്‍ കോച്ച് മഴയില്‍ ചോര്‍ന്നൊലിക്കുന്നതു യാത്രക്കാര്‍ക്കു ദുരിതമാവുന്നു. ഇന്നലെ രാവിലെ നാഗര്‍കോവിലില്‍ നിന്നു മംഗളൂരുവിലേക്കു പുറപ്പെട്ട പരശുറാം എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചുകളിലൊന്നിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
കോച്ചിന്റെ മേല്‍ക്കൂരയില്‍ നിന്നു രണ്ടിടത്തായി വെള്ളം ചോര്‍ന്ന് കോച്ചിനുള്ളിലേക്കു വീണതോടെ യാത്രക്കാര്‍ കഷ്ടപ്പെട്ടാണു യാത്രതുടര്‍ന്നത്. 1995ല്‍ നിര്‍മിച്ച കോച്ചാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. 2008ല്‍ ഇടക്കാല അറ്റകുറ്റപ്പണി നടത്തിയ കോച്ചിന് 2020വരെ സര്‍വീസ് നടത്തുവാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ 23 വര്‍ഷം പഴക്കമുള്ള കണ്ടം ചെയ്യാറായ കോച്ചാണിതെന്നു യാത്രക്കാര്‍ പറയുന്നു. പാലക്കാട് റെയില്‍വേ ഡിവിഷന്റെ ട്രെയിനാണു പരശുറാം. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും തകരാര്‍ പരിഹരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ച് പഴകിയ കോച്ചുകളാണു കേരളത്തിലെ ട്രെയിനുകള്‍ക്കു ലഭിക്കുന്നതെന്നു പരാതി വ്യാപകമാണ്. എംപിമാര്‍ ഈ വിഷയം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കേരളത്തിനു ലഭിക്കുന്ന കോച്ചുകള്‍ മോശമായതിനാല്‍ എത്ര അറ്റകുറ്റപ്പണി നടത്തിയാലും കാര്യമില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
കേരള എക്‌സ്പ്രസിന്റെ കോച്ച് ഓട്ടത്തിനിടയില്‍ തകര്‍ന്നതു കഴിഞ്ഞ മാസമാണ്. കോച്ച് തകര്‍ന്നത് റെയില്‍വേയ്ക്ക് ആകെ നാണക്കേടായതോടെ പുതിയ കോച്ചുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ കേരള എക്‌സ്പ്രസിന്റെ കോച്ചുകള്‍ പൂര്‍ണമായും മാറ്റി നല്‍കുമെന്നാണു വാഗ്ദാനം. കേരളത്തിനു പുതിയ കോച്ചുകള്‍ ലഭിക്കണമെങ്കില്‍ കാലപ്പഴക്കംമൂലം കോച്ചുകള്‍ തകരുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി. മെമു റേക്ക് പുതിയ രണ്ടെണ്ണം ചെന്നൈയില്‍ ആവഡിയില്‍ എത്തിയെങ്കിലും ഇതുവരെ കേരളത്തിലെ ഡിവിഷനുകള്‍ക്കു കൈമാറിയിട്ടില്ല. ഒരു മെമു ട്രെയിന്‍ കൂടി ലഭിച്ചാല്‍ തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വീസുകള്‍ പ്രതിദിനമാക്കുവാനും സാധിക്കും.



Next Story

RELATED STORIES

Share it