പരശുരാമന്‍ ഔട്ട്, പിണറായി ഇന്‍

കണ്ണേറ് കണ്ണന്‍
പരശുരാമന്‍ കടലില്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളം എന്നാണ് ഐതിഹ്യം. കടല്‍ നികത്തിയെടുത്തു നിര്‍മിച്ച സ്ഥലത്ത് കായല്‍ നികത്തിയും കാടു വെട്ടിയും മല തുരന്നും മറ്റും നമ്മളെല്ലാവരും ചേര്‍ന്ന് ഹരിതാഭമായ പുതിയൊരു കേരളം നിര്‍മിച്ചു. വെള്ളത്തില്‍ നിന്ന് ഉയിരെടുത്ത കേരളം വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍, വീണ്ടും അതിന് ഉയിരുകൊടുക്കാനും പുതിയൊരു കേരളം നിര്‍മിക്കാനും വേണ്ടിയുണ്ടായ അവതാരമാണ് സഖാവ് പിണറായി വിജയന്‍. അതായത്, കേരളത്തിന്റെ നിര്‍മാതാവ് പരശുരാമന്‍; നവകേരളത്തിന്റെ നിര്‍മാതാവ് പിണറായി വിജയന്‍. ആദ്യത്തേത് മിത്ത്, രണ്ടാമത്തേത് റിയാലിറ്റി. ഏതു ക്വിസ് പ്രോഗ്രാമില്‍ ചോദിച്ചാലും കുട്ടികള്‍ മണിമണിയായി പിണറായി വിജയന്റെ പേരു പറയും. ഈയിടെയുണ്ടായ പ്രളയക്കെടുതി മലയാളികള്‍ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണ്- ഒന്നാന്തരമൊരു നവകേരള ശില്‍പിയെ നമുക്കു കിട്ടി. ഒരുതരത്തില്‍ ആലോചിച്ചാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പരശുരാമനേക്കാള്‍ വലിയ ആളാണ് സഖാവ് പിണറായി എന്നു പറഞ്ഞാലും തെറ്റാവില്ല. പരശുരാമന് ചുമ്മാ കടലിലോട്ടൊരു വെണ്‍മഴു എറിയേണ്ടി മാത്രമേ വന്നുള്ളൂ. കടല്‍ നീങ്ങി നാടുണ്ടായി. പിണറായിയുടെ കാര്യം അങ്ങനെ വല്ലതുമാണോ? സഹായം ചോദിച്ച് കേന്ദ്രത്തിനു മുമ്പാകെ ചെന്നുനിന്ന് കെഞ്ചണം; ദുബയ് ശെയ്ഖിനു മുമ്പാകെ കൈനീട്ടണം; നാട്ടുകാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരണം; ഉദ്യോഗസ്ഥന്‍മാരുടെ ഒരു മാസത്തെ ശമ്പളം കണ്ണുരുട്ടി വാങ്ങണം; സര്‍ക്കാരിന്റെ പിടിപ്പുകേടിനെപ്പറ്റി പറയുന്നവരുടെ നേരെ കയര്‍ക്കണം- ഇങ്ങനെയൊക്കെ പലതരത്തില്‍ പാടുപെട്ട് കാശൊപ്പിച്ചാല്‍ തന്നെ അത് താന്‍ വിചാരിച്ചപോലെ നവകേരള നിര്‍മാണത്തിന് ഉപയോഗിക്കുകയും വേണ്ടേ? പാര്‍ട്ടിക്കാരുടെ മുന്‍കൈയില്‍, സ്വന്തം പ്രതിച്ഛായ പൊലിപ്പിച്ചുകാട്ടുന്ന തരത്തില്‍ കാശു ചെലവാക്കാനാവുന്നില്ലെങ്കില്‍ ഇക്കണ്ട കഷ്ടപ്പാടൊക്കെ വെറുതെയായിപ്പോവില്ലേ? അതായത്, ഉത്തരത്തിലുള്ളത് എടുക്കുകയും ഒക്കത്തുള്ളത് വീഴാതിരിക്കുകയും വേണം. പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ സ്ഥാനത്ത് പുതിയൊരു കേരളം നിര്‍മിച്ചെടുക്കണം. അതിനിടയില്‍ സ്വന്തം പ്രതിച്ഛായക്ക് തിളക്കമുണ്ടാക്കുകയും വേണം. എങ്കിലല്ലേ അടുത്ത ടേമിലും അധികാരത്തില്‍ വരാനൊക്കുകയുള്ളൂ. വിഷമം പിടിച്ച പണിയാണത്. പിണറായി വിജയന്‍ എന്ന രക്ഷകന്റെ ചിത്രം സകലമാന മലയാളികളുടെയും മനസ്സില്‍ പതിപ്പിക്കുക എന്നതാണ് അതിന്റെ ആദ്യപടി. അതിനാല്‍ പരശുരാമനെയൊക്കെ സൈഡ് ലൈന്‍ ചെയ്‌തേ പറ്റൂ. കേരളമുണ്ടായത് എങ്ങനെയെന്ന ചോദ്യത്തിന് കുട്ടികള്‍ പരശുരാമന്റെ പേരു പറഞ്ഞില്ലെങ്കിലും വേണ്ടില്ല, നവകേരള ശില്‍പി ആരാണെന്ന് ചോദിച്ചാല്‍ പിണറായി വിജയനെന്ന് പറഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പണി പാളും. കണ്ടിടത്തോളം വച്ചുനോക്കുമ്പോള്‍ സംഗതി ക്ലിക്ക് ചെയ്തിട്ടുണ്ട്. കാറ്റും കോളും നിറഞ്ഞ യാത്രയില്‍ കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ എന്ന കപ്പിത്താന്‍ നിശ്ചയമായുമുണ്ട് എന്ന് ഏതാണ്ട് മലയാളികള്‍ വിശ്വസിച്ചുതുടങ്ങി. രമേശ് ചെന്നിത്തല, വി ഡി സതീശന്‍ തുടങ്ങിയ വളരെ കുറച്ചുപേര്‍ മാത്രമേ ഇതു വിശ്വസിക്കാത്തവരായി ഇപ്പോള്‍ കേരളത്തിലുള്ളൂ. അവരുടെ വിശ്വാസം അവരെ നശിപ്പിക്കട്ടെ എന്ന് ശപിക്കുകയല്ലാതെ കണ്ണനും മറുവഴിയില്ല. നമ്മുടെ പ്രജ്ഞയില്‍ പിണറായി എന്ന കപ്പിത്താന്‍ മാത്രമേ ഇനിയുള്ളൂ. പ്രതിച്ഛായാ നിര്‍മാണമെന്നാല്‍ ഇങ്ങനെത്തന്നെ വേണം. ഇങ്ങനെയുണ്ടാക്കുന്ന മിത്തുകള്‍ക്ക് ആയുസ്സ് കുറവാണെന്ന് പറയുന്ന ചില മണ്ടന്‍മാരുണ്ട്. ഇങ്ങനെയൊരു മിത്ത് മുമ്പ് എ കെ ആന്റണിക്ക് ചുറ്റിലുമായും കെട്ടിപ്പൊക്കിയിരുന്നുപോലും ചിലര്‍. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യാമഹാരാജ്യം മുഴുവനും കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോള്‍ അതിനെ കേരളത്തിലേക്ക് കടക്കാനാവാത്ത തരത്തില്‍ തടഞ്ഞുനിര്‍ത്തിയ വിന്ധ്യനാണ് എ കെ ആന്റണി എന്നൊരു മിത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ന് പിണറായിക്കു ചുറ്റും കെട്ടിപ്പൊക്കിയതുപോലൊരു മിത്ത്. എന്നിട്ടെന്തുണ്ടായി? വിന്ധ്യനിപ്പുറത്തേക്കും കോണ്‍ഗ്രസ് വിരോധത്തിന്റെ കാറ്റടിച്ചുവീശി. കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ ഉടനീളം ദുര്‍ബലമായി. ഇപ്പോള്‍ ആന്റണി എന്ന വിന്ധ്യപര്‍വതത്തെപ്പറ്റി ആരും പറയാറില്ല. കക്ഷി ഡല്‍ഹിയില്‍ ചുരുണ്ടുകൂടുന്നു. ആരു കണ്ടു, പിണറായിക്കു ചുറ്റും കെട്ടിപ്പൊക്കിയ രക്ഷകമിത്തിന്റെ സ്ഥിതിയും ഇതേപോലെ ആവില്ലെന്ന് എന്നാണ് ഈ മണ്ടന്‍മാരുടെ വര്‍ത്തമാനം. അവരുടെ വിശ്വാസം അവരെയും നശിപ്പിക്കട്ടെ. എന്നാല്‍, ഒരു കാര്യം ആരും ഓര്‍ക്കാറില്ല. പിണറായി സഖാവിനെ നവകേരളത്തിന്റെ കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം തുടങ്ങിയ എല്ലാ ചുമതലകളും ഏല്‍പിക്കുകയും നായകനായി അഭിനയിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ കോടിയേരി ബാലകൃഷ്ണന്‍ പെടുന്ന പെടാപ്പാട്! പിണറായിയിലാണ്, പിണറായിയില്‍ മാത്രമാണ് കേരളത്തിന്റെ പ്രത്യാശ എന്ന് വരുത്തിത്തീര്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഒരുപാട് കഷ്ടപ്പെടേണ്ടിവരുന്നു. സര്‍ക്കാരിന്റെ മണ്ടത്തരങ്ങള്‍ മുഴുവനും വ്യാഖ്യാനിച്ചു ശരിയാക്കണം; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി എംഎല്‍എമാര്‍ എന്തെങ്കിലും മിണ്ടിപ്പോകുന്നത് തടയണം; എസ് രാജേന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയ അവതാരങ്ങളുടെ വായില്‍ നിന്ന് വീഴുന്ന വേണ്ടാതീനങ്ങള്‍ മുഴുവനും വിഴുങ്ങണം. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാന സെക്രട്ടറിക്കും ഇങ്ങനെയൊരു ഗതികേടുണ്ടായിട്ടില്ല. എന്തുചെയ്യാം, സഹിക്കുക തന്നെ. പിണറായിയെ കേരളത്തിന്റെ രക്ഷാപുരുഷനായി പ്രതിഷ്ഠിക്കാന്‍ ഇതും ഇതിലപ്പുറവും ചെയ്യണമല്ലോ. ***കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവുമധികം കെടുതിയുണ്ടായത് കുട്ടനാട്ടിലോ ചെങ്ങന്നൂരും പാണ്ടനാടും മറ്റും ഉള്‍പ്പെടുന്ന പത്തനംതിട്ടയിലോ ചാലക്കുടിയിലോ- എവിടെയാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരങ്ങളുണ്ടാവാം. എന്നാല്‍, പ്രളയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച രാഷ്ട്രീയപ്പാര്‍ട്ടി സിപിഐ ആണെന്ന കാര്യത്തില്‍ കണ്ണന് യാതൊരു സംശയവുമില്ല. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം നട്ടംതിരിയുന്ന സമയത്ത് ജര്‍മനിയിലേക്കു പറന്ന പാര്‍ട്ടിമന്ത്രി രാജു ഉണ്ടാക്കിയ ചീത്തപ്പേര് കുറച്ചൊന്നുമല്ല. വളരെ പ്രയാസപ്പെട്ട് കാനം രാജേന്ദ്രന്‍ ഉരുട്ടിയെടുക്കുന്ന പ്രതിച്ഛായയും സല്‍പേരുമാണ് ഒറ്റയടിക്ക് മന്ത്രി തകര്‍ത്ത് നാശകോശമാക്കിയത്. ഈ പ്രതിച്ഛായാനഷ്ടത്തിനിടയില്‍ ആറ്റുനോറ്റ് കാത്തിരുന്ന ചീഫ് വിപ്പ് സ്ഥാനവും ഏതാണ്ട് പോയിക്കിട്ടി. നാട് ഒന്നടങ്കം വെള്ളപ്പൊക്കക്കെടുതിയില്‍ മുങ്ങിക്കിടക്കുമ്പോള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന ചീഫ് വിപ്പ് പദവി പാര്‍ട്ടി ഏറ്റെടുക്കാമോ എന്നു ചോദിച്ചാല്‍ ആദര്‍ശത്തിന്റെ അപ്പോസ്തലനായ കാനത്തിനും സദാ ആദര്‍ശമന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കും മറുത്തൊന്നും പറയാന്‍ കഴിയില്ല. നാക്കെടുക്കുമ്പോഴെല്ലാം ആദര്‍ശം പറയുന്നു എന്നതാണ് പാര്‍ട്ടിക്ക് വിനയായത്. ഇത്തരം ധാര്‍മികപ്രശ്‌നങ്ങളൊന്നും ഇരുപതാം മന്ത്രിയെ യഥാസമയത്ത്, യഥാസ്ഥാനത്ത് കുടിയിരുത്തിയ സിപിഎമ്മിനെ അലട്ടുന്നില്ല. മഴ കനത്തുപെയ്യുകയും പ്രളയജലം ആര്‍ത്തൊലിച്ചുവരുകയും ചെയ്യുന്നതിനിടയിലാണ് ഇരുപതാം മന്ത്രി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്. മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ അനൗദ്യോഗികമായി ചാര്‍ജ് അദ്ദേഹത്തിനാണെന്നും കേള്‍ക്കുന്നു. പാര്‍ട്ടിക്കാരുടെ അടക്കംപറച്ചിലും യുഡിഎഫിന്റെ ബഹിഷ്‌കരണവുമൊന്നും പാര്‍ട്ടി ഗൗനിച്ചതേയില്ല. പ്രളയം വേ, മന്ത്രിസ്ഥാനം റേ... അങ്ങനെയൊന്നും ചെയ്യാനാവാതെ സിപിഐ വെട്ടിലായി എന്നു കൂട്ടിക്കോളൂ. ഉള്ള മന്ത്രിയുണ്ടാക്കിയ അപമാനഭാരം ഒരുവശത്ത്; ഉണ്ടാവാന്‍ പോയ ചീഫ് വിപ്പ് പദവിയുടെ നഷ്ടം മറുവശത്ത്- നോക്കണേ, സ്ഥാനത്തും അസ്ഥാനത്തും ആദര്‍ശം പറഞ്ഞുനടന്നാലുള്ള ഗതികേട്! സഖാവ് ഇസ്മായിലെങ്കിലും തഞ്ചംകിട്ടുമ്പോള്‍ ഇതൊന്ന് കാനം സഖാവിനെ പറഞ്ഞു മനസ്സിലാക്കിയാല്‍ നന്ന്. വലിയേട്ടന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഇമ്മാതിരി ഏനാന്തമൊന്നും കണ്ണില്‍ പിടിക്കുകയില്ലതാനും. പ്രളയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സിപിഐയുടെ എല്‍ദോ എബ്രഹാം എന്ന എംഎല്‍എക്ക് പിണറായിയുടെ പക്കല്‍ നിന്ന് വയര്‍ നിറച്ചും കിട്ടിയത് അങ്ങനെയാണ്. ആദര്‍ശഭ്രാന്ത് കയറിയ ആളാണ് എല്‍ദോ സഖാവും. പുനരധിവാസ പാക്കേജിനെപ്പറ്റി, ഒരുപാട് പഠിച്ച് എന്തെല്ലാമോ എഴുതിക്കൊണ്ടുവന്ന് വായിച്ച എംഎല്‍എ, പിണറായിയുടെ ഒറ്റ രോഷം കൊണ്ട് അടങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ ദേഷ്യം തീര്‍ക്കാന്‍ എല്‍ദോ എംഎല്‍എ ചെയ്തത് ഒരു മാസത്തെ ഓണറേറിയത്തിന് പകരം രണ്ടു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുക യാണ്. അതുകൊണ്ട് പിണറായിയുടെ കലിയടങ്ങിയോ ആവോ! ഏതായാലും സിപിഐ നേതാക്കന്‍മാര്‍ കൃത്യമായി താന്താങ്ങളുടെ വാരഫലങ്ങള്‍ വായിച്ചുനോക്കുന്നത് നല്ലതാണ്. ധനനഷ്ടം, മാനഹാനി എന്നെല്ലാം എഴുതിയിട്ടുണ്ടാവും തീര്‍ച്ചയായും. ***അറബിക്കടലില്‍ മഴപെയ്യുന്നത് അവിടെ കാടുണ്ടായിട്ടാണോ എന്ന് പഴയകാല മുസ്‌ലിംലീഗ് നേതാവ് പി സീതിഹാജി ചോദിച്ചു എന്ന കാര്യത്തില്‍ നാട്ടിലാര്‍ക്കും യാതൊരു സംശയവുമില്ല. സത്യത്തില്‍ സീതിഹാജി ഇങ്ങനെ ചോദിച്ചിട്ടുണ്ടോ അതോ, മറ്റു പലതിന്റെയും കൂട്ടത്തില്‍ ഈ വിഡ്ഢിത്തത്തിനും സീതിഹാജിയുടെ മേല്‍ കോപ്പിറൈറ്റ് കെട്ടിയേല്‍പ്പിക്കുകയായിരുന്നോ എന്ന് അന്വേഷിക്കാന്‍ മൂപ്പരുടെ മകന്‍ പി കെ ബഷീര്‍ എംഎല്‍എക്കു പോലും നേരമൊട്ടില്ലതാനും. അങ്ങനെയെങ്കിലും ബാപ്പ ചിരഞ്ജീവിയാവട്ടെ എന്നു കരുതിക്കാണും കക്ഷി. അതു പോട്ടെ, പ്രളയക്കെടുതി ഒരുപാട് തിരിച്ചറിവുകള്‍ക്ക് അവസരമുണ്ടാക്കുന്ന സമയത്തും നിരവധി 'സീതിഹാജി'മാര്‍ നിയമസഭയില്‍ തന്നെയുണ്ട്. മാര്‍ക്‌സിസത്തിന്റെ വികസന-പാരിസ്ഥിതിക പാഠങ്ങള്‍ മുഴുവനും കാണാപ്പാഠം പഠിച്ച സഖാവാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ. ഇടതുമുന്നണിയില്‍ പരിസ്ഥിതി വിഷയത്തില്‍ ശരിയായ ബോധമുള്ള മറ്റു രണ്ട് എംഎല്‍എമാരാണ് തോമസ് ചാണ്ടിയും പി വി അന്‍വറും. മഴയെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയുമുള്ള ഇടതുപക്ഷ പാരിസ്ഥിതിക ദര്‍ശനങ്ങള്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഈ 'സീതിഹാജി'മാര്‍ മൂന്നുപേരെയും നിയോഗിച്ചത് ഗംഭീരമായി. വേണ്ടാതീനം വല്ലതും പറഞ്ഞാലോ എന്നു പേടിച്ച് സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഒ ആര്‍ കേളുവിനെയും മിണ്ടാന്‍ സമ്മതിച്ചതുമില്ല. ഇങ്ങനെയായിരിക്കണം തീര്‍ച്ചയായും പ്രളയകാലത്തെ പാരിസ്ഥിതിക ഇടതുപക്ഷ ബോധം നിറഞ്ഞാടേണ്ടത്. സുനില്‍ പി ഇളയിടത്തെയും കെഇഎന്നിനെയും പോലെയുള്ള പ്രഭാഷകര്‍ എസ് രാജേന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും മറ്റും നിയമസഭാ പ്രസംഗങ്ങള്‍ എഴുതിയെടുത്ത് കാണാപ്പാഠം പഠിച്ച് നാട്ടുകാര്‍ക്ക് സമ്മാനിച്ച് അവരെ ഉദ്ബുദ്ധരാക്കട്ടെ! അവശിഷ്ടം: അടൂരില്‍ ആനയടി-പഴകുളം-കൂടല്‍ റോഡ് നിര്‍മാണം ജര്‍മന്‍ സാങ്കേതികവിദ്യയനുസരിച്ച് നടത്തുന്നു.- വാര്‍ത്ത - മന്ത്രി രാജു ജര്‍മനിയില്‍ പോയി കൊണ്ടുവന്നതാവും ഈ സാങ്കേതികവിദ്യ. ി
Next Story

RELATED STORIES

Share it