പരവൂര്‍ വെടിക്കെട്ട് ദുരന്തം; മതവിഭാഗങ്ങളെ ഭരണാധികാരികള്‍ ഭയക്കുന്നു: ഹൈക്കോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികള്‍ അടക്കമുള്ളവരുടെ ജാമ്യ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. നിയമം നടപ്പാക്കുന്നതില്‍ മതവിഭാഗങ്ങളുടെ എതിര്‍പ്പിനെ ഭരണാധികാരികള്‍ ഭയക്കുകയാണെന്നും മത വിഭാഗങ്ങളെ പേടിക്കാതെ നിയമം വേണ്ട വിധം നടപ്പാക്കിയാല്‍ ഇന്നത്തെ പല പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നും ജസ്റ്റിസ് പി ഉബൈദ് ഹരജി പരിഗണിക്കവേ വാക്കാല്‍ അഭിപ്രായപ്പെട്ടു. വെടിക്കെട്ട് നടത്തുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടും അനുമതി നല്‍കിയ പോലിസ് ഉദ്യോഗസ്ഥരുടെ നടപടി ഗൗരവതരമാണ്. ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ഉത്തരവ് എവിടെയെന്ന് രേഖാമൂലം ചോദിക്കാതെയും പരിശോധിക്കാതെയുമാണ് പൊലിസ് ഉദ്യോഗസ്ഥര്‍ വെടിക്കെട്ടിന് അനുമതി നല്‍കിയത്. പൊലിസിനെ ക്ഷേത്രം ഭാരവാഹികള്‍ തെറ്റിദ്ധരിപ്പിച്ചതാവാം. എന്നാല്‍, ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് ഐപിഎസ് ഉദ്യോഗസ്ഥര്‍ വഴങ്ങരുതായിരുന്നു. ഒരുപക്ഷേ അനുമതി സംബന്ധിച്ച രേഖകള്‍ ചോദിച്ചിരുന്നെങ്കില്‍ ആ പൊലിസ് ഉദ്യോഗസ്ഥന്‍ ചിലപ്പോള്‍ സര്‍വീസില്‍ ഉണ്ടാവുമായിരുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. 5000 കിലോഗ്രം സ്‌ഫോടക വസ്തുക്കള്‍ വെടിക്കെട്ടിനായി എത്തിച്ചു എന്നത് അവിശ്വസനീയമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇത്രയും അളവ് വെടിമരുന്നു കൊണ്ടുവരണമെങ്കില്‍ അഞ്ച് ട്രക്കെങ്കിലും വേണ്ടിവരും. എന്നാല്‍, പെട്ടി ഓട്ടോറിക്ഷയിലും ഒമ്‌നി വാനിലുമായാണ് അളവില്‍ കവിഞ്ഞ വെടിമരുന്ന് എത്തിച്ചതെന്ന കേസാണ് നിലവിലുള്ളതെന്നും ഇത് നിലനില്‍ക്കുന്നതല്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it