പരവൂര്‍ വെടിക്കെട്ട് അപകടം: നഷ്ടപരിഹാരം; നടപടികള്‍ വേഗത്തിലാക്കണം- ഹൈക്കോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഇരകളായവരുടെ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇതൊരു അസാധാരണ സംഭവമാണെന്നും അതിനാല്‍ അടിയന്തര പ്രാധാന്യം നല്‍കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ എന്‍ ആര്‍ മാധവമേനോന്‍ എഴുതിയിട്ടുള്ള ലേഖനത്തില്‍ ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിപ്രായം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. അപകടകരമായ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് എഴുതിയ കത്ത് പൊതുതാല്പര്യ ഹരജിയായി പരിഗണിച്ചതടക്കമുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം. വെടിക്കെട്ടിനു നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോയെന്നു വ്യക്തമാക്കി എക്‌പ്ലോസ്സീവ് ഡയറക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അന്വേഷണ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വെടിക്കെട്ടിന് നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ, ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കാനായി കൊണ്ടുവന്നിരുന്നോ എന്ന് എക്‌സ്‌പ്ലോസ്സീവ് ഡയറക്ടര്‍ വ്യക്തമാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അനുവദനീയമായ പരിധിയില്‍ കുടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നോയെന്നു കണ്ടെത്തണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാനുള്ള നടപടികളും റിപോര്‍ട്ടിലുണ്ടാവണമെന്നും കോടതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട നടപടികളില്‍ ദുരന്ത നിവാരണ സേനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ദുരന്തം മുന്‍കുട്ടി കണ്ട് തടയണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാന ഹരജിയിലെ നടപടികള്‍ വൈകുന്നത് അനുവദിക്കാനാവില്ലെന്നും ഹരജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കവെ എക്‌സ്‌പ്ലോസ്സീവ് ഡയറക്ടര്‍ നാളെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍ നഗരേഷ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപോര്‍ട്ട് ഇന്നു ഹാജരാക്കുമെന്നു സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it