പരവൂര്‍ വെടിക്കെട്ട് അപകടം: ഹരജിക്കാരുടെ വാദം കോടതി തള്ളി; ക്ഷേത്രഭാരവാഹികള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവില്ല

കൊച്ചി: പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ ഉത്തരവാദിത്തത്തി ല്‍ നിന്നു ക്ഷേത്രം ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു ഹൈക്കോടതി. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് എതിരായിരുന്നിട്ടും ആരാണ് പോലിസില്‍ സ്വാധീനം ചെലുത്തിയതെന്നും കോടതി ആരാഞ്ഞു. വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലായ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ പരാമര്‍ശം.
സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കു പങ്കില്ലെന്നും പോലിസ് നിഷ്‌ക്രിയമായിരുന്നുവെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി തള്ളി.
പോലിസ് കാഴ്ചക്കാരായി നിന്നതിന്റെ ആനുകൂല്യം പ്രതികള്‍ക്കു ലഭിക്കില്ലെന്നും സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കു ജാമ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹരജികള്‍ അടുത്ത വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
മീനഭരണി മഹോല്‍സവത്തോടനുബന്ധിച്ച് നടന്നത് മല്‍സരക്കമ്പം തന്നെയായിരുന്നുവെന്നും ക്ഷേത്രഭാരവാഹികള്‍ പോലിസിനെ തെറ്റിദ്ധരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അന്വേഷണ റിപോര്‍ട്ട് കോടതിക്കു കൈമാറി.
ഒരാളുടെ ലൈസന്‍സ് മാത്രമാണു കമ്പം നടത്തുന്നതിനുള്ളതെന്ന് പോലിസിനെ ധരിപ്പിക്കുകയും ശേഷം ചെറുവാഹനങ്ങളിലും മറ്റുമായി നേരത്തെ ശേഖരിച്ചുവച്ചിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ജില്ലാ ഭരണകൂടം മല്‍സരക്കമ്പം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ആചാരപരമായി നടത്തുന്ന കമ്പത്തിന് അനുമതിയുണ്ടെന്നും പോലിസിനെ ധരിപ്പിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നും അതിനാല്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it