thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് അപകടം:  മെഡിക്കല്‍ കോളജ് ഐസിയുവിലുള്ള രണ്ടുപേരെ വാര്‍ഡിലേക്കു മാറ്റും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള രണ്ടു പേരെ വാര്‍ഡുകളിലേക്ക് മാറ്റും. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് സുധീര്‍, സുജാത എന്നിവരെയാണ് വാര്‍ഡുകളിലേക്ക് മാറ്റാന്‍ പ്രത്യേക അവലോകനയോഗം തീരുമാനിച്ചത്. അജിത്ത് (16), രാജീവ് (16) എന്നിവരുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
തീവ്രപരിചരണ വിഭാഗത്തിലുള്ള വസന്ത (30) പൂയപ്പള്ളി, കൊല്ലം, കണ്ണന്‍ (27) കഴക്കൂട്ടം, ചന്ദ്രബോസ് (35) കളക്കോട് എന്നിവരുടെ നിലയും ഗുരുതരാവസ്ഥയിലാണ്. പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവരെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കൊണ്ടുവന്ന ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ ഉപയോഗിച്ച് ഇവരുടെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം പുറത്തെടുത്തു കളയുന്നു. ബ്രോങ്കോസ്‌കോപ്പി ചെയ്ത് ശ്വാസനാളത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്തു.
44 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളത്. ദീപുകുമാര്‍ (25) വര്‍ക്കല, ആദര്‍ശ് (16) വര്‍ക്കല, സജീര്‍ (36) കൊട്ടിയം എന്നിവരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. 37 പേരാണ് വിവിധ വാര്‍ഡുകളില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നു. അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും ഒരുമിച്ചാണ് ചികില്‍സ ക്രമീകരിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ്, എയിംസിലെ ഡോ. കപില്‍ദേപ് സോണി, ഡോ. ഉജ്ജ്വല്‍, സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ട്രോമ ആന്റ് ബേണ്‍സ് ഡോ. പ്രേംലാല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കോമള റാണി, അനസ്തീസ്യ വിഭാഗം മേധാവി ഡോ. ഉഷാദേവി, സര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it