Kollam Local

പരവൂര്‍ വെടിക്കെട്ട് അപകടം: സര്‍ക്കാര്‍ സേവനങ്ങള്‍ തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

കൊല്ലം: പരവൂര്‍ വെടിക്കട്ടപകടത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനു പുറമേ ലഭിക്കേണ്ട മറ്റ് സേവനങ്ങളും ആനുകൂല്യങ്ങളും തിട്ടപ്പെടുത്താനായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ അറിയിച്ചു.

എല്‍എ (എന്‍എച്ച്എഐ) ഡെപ്യൂട്ടി കലക്ടര്‍ വിജകുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒന്നിലധികം സംഘങ്ങള്‍ അപകടത്തില്‍ പ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. മയ്യനാട്, ഇരവിപുരം വില്ലേജുകളിലെ വീടുകളാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തിയത്. പ്രത്യേക ഉദ്യോഗസ്ഥ സംഘം അഞ്ച് ദിവസത്തിനുള്ളില്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കും.
ഓരോ കുടുംബത്തിന്റെയും വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര നടപടി സ്വീകരിക്കാനാണ് പ്രത്യേക സംഘത്തിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
മരണമടഞ്ഞവരില്‍ ചിലരുടെ വീടുകള്‍ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. മരണമടഞ്ഞവരില്‍ പരമാവധി പേരുടെ വീടുകള്‍ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിക്കും. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തേണ്ടതിനാലാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി സംഭവിക്കുന്ന കുടുംബാംഗത്തിന്റെ മരണം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഓരോ കുടുംബത്തിലും അതു കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാവും. അതിനാല്‍ ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിച്ച് ആവശ്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു.
ഓരോ കുടുംബത്തിന്റെയും ആരോഗ്യപ്രശ്‌നങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കാനുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസ കാര്യം തുടങ്ങിയവയുടെ വിശദമായ റിപോര്‍ട്ടാണ് ഉദ്യോഗസ്ഥസംഘം കലക്ടര്‍ക്ക് സമര്‍പ്പിക്കുക.
റിപോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ജില്ലാഭരണകൂടത്തിന് പരിഹരിക്കാനാകുന്ന പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കും. ബാക്കിയുള്ളവ സര്‍ക്കാരിന് റിപോര്‍ട്ട് ചെയ്യുകയും ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്ന് വാങ്ങി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചായിരിക്കും ഈ അധികസഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it