പരവൂര്‍ വെടിക്കെട്ട് അപകടം: ക്ഷേത്രത്തിലെ കൊട്ടാരം അറ്റകുറ്റപ്പണിക്ക് അനുമതി 

കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടില്‍ കേടുവന്ന കൊട്ടാരം എന്ന് വിശേഷിപ്പിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വിലയേറിയ ആഭരണങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന് തന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.
തിരുവിതാംകൂര്‍ രാജാവ് നല്‍കിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ വസ്തുക്കള്‍ ഈ കെട്ടിടത്തിലുണ്ടെന്ന് തന്ത്രി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാതില്‍ ഉള്‍പ്പെടെ സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനും അനുമതി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറുടെ സാന്നിധ്യത്തില്‍ കെട്ടിടത്തിനകത്തെ സാധനങ്ങള്‍ തഹസീല്‍ദാര്‍ പരിശോധിച്ച് അവിടെ തന്നെ സൂക്ഷിക്കാന്‍ നടപടിയെടുക്കണം. തന്ത്രിയെ കസ്റ്റോഡിയനുമാക്കണം. അന്വേഷണ സംഘം വസ്തുവിവര പട്ടികയും മഹസര്‍ റിപോര്‍ട്ടും തയാറാക്കി തന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും രണ്ട് സാക്ഷികളുടേയും ഒപ്പു സഹിതം ഹൈക്കോടതിയിലെ ഹരജിയുടെ പകര്‍പ്പടക്കം പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്റെ ഒരു പകര്‍പ്പ് ഹൈക്കോടതിക്ക് മജിസ്‌ട്രേറ്റ് കോടതി കൈമാറണം. നഷ്ടപരിഹാരം നല്‍കിയതും നല്‍കാന്‍ തീരുമാനിച്ചതുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലാ കലക്ടര്‍ രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ജീവനും സ്വത്തിനും വസ്തു വകകള്‍ക്കും നേരിട്ട നഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ വേഗം തീര്‍പ്പാക്കാന്‍ കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നും കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it