thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് അപകടം: മൃതദേഹം ആളുമാറി സംസ്‌കരിച്ചു; അനുലാലിന്റെ അസ്ഥി ഇനിയും വീട്ടിലെത്തിയില്ല

കഴക്കൂട്ടം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കട്ട് അപകടത്തില്‍ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശി അനുലാലിന്റെ അസ്ഥി ഇന്നലെയും വീട്ടില്‍ എത്തിക്കാനായില്ല. തിരിച്ചറിഞ്ഞപ്പോഴുണ്ടായ തെറ്റിദ്ധാരണ മൂലം മൃതദേഹം മാറി സംസ്‌കരിച്ചിരുന്നു. അസ്ഥി കൊണ്ടുവരാനായി ഞായറാഴ്ച രാവിലെ 10ന് ബന്ധുക്കളോട് കൊല്ലത്ത് എത്താന്‍ പോലിസ് പറഞ്ഞിരുന്നെങ്കിലും മൃതദേഹം മാറി സംസ്‌കരിച്ച രഘുനാഥക്കുറുപ്പിന്റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്ത് നീക്കുപോക്കിലെത്താന്‍ സാധിച്ചില്ല. അതിനാല്‍ തീരുമാനം വീണ്ടും മാറ്റി.
ഇന്നലെ രാവിലെ അസ്ഥി കൊണ്ടുവരാനായി പരവൂരിലേക്ക് പോവാനുള്ള തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍. മൃതദേഹം ദഹിപ്പിച്ചതിനാല്‍ അസ്ഥികള്‍ ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് മരണാനന്തരകര്‍മം ചെയ്യാനാണിത്. രഘുനാഥക്കുറുപ്പിന്റെ മൃതദേഹം ഇപ്പോഴും കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. ഞായറാഴ്ച രഘുനാഥക്കുറുപ്പിന്റെ സഞ്ചയനം നടത്താന്‍ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ അനുലാലിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിയതിനെ തുടര്‍ന്ന് ഇത് തടയുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലം വരുന്നതിനു മുമ്പ് മൃതദേഹം വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കാതെ വിട്ടുനല്‍കിയ പോലിസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇപ്പോള്‍ അനുലാലിന്റെ വീട്ടുകാരെ വിഷമത്തിലാക്കിയിരിക്കുന്നത്.പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരിച്ച അനുലാലിന്റെ മൃതദേഹം കണ്ടുപിടിക്കാന്‍ വീട്ടുകാര്‍ അലഞ്ഞത് അഞ്ചു ദിവസമാണ്. ഒടുവില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ അത് മറ്റൊരാളുടേതാണെന്ന് കരുതി സംസ്‌കരിക്കുകയും ചെയ്തു. അപകടം നടന്ന 10ാം തിയ്യതി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനുലാല്‍ പുറ്റിങ്ങലിലേക്ക് പോയത്. ഇതില്‍ അനുലാല്‍ മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഒരാളുടെ കാല് മുറിച്ചുമാറ്റേണ്ടിവന്നു.
മൂന്ന് സുഹൃത്തുക്കളെ അപകടം നടന്ന അടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും അനുലാലിനെ മാത്രം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിന്റെ പിറ്റേന്ന് അനുലാലിന്റേതിനു സമാനമായ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ കണ്ടെത്തിയിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഇത് അനുലാലിന്റെ മൃതദേഹമാണെന്ന് തറപ്പിച്ചുപറഞ്ഞു. എന്നാല്‍ ചിലര്‍ ഇതിനോട് വിയോജിച്ചു.
ഒടുവില്‍ പിറ്റേന്ന് കൊല്ലത്ത് ഡിഎന്‍എ പരിശോധനക്ക് കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പിറ്റേന്നുതന്നെ ഈ ശരീരം ഒരു 55കാരന്റേതെന്ന് തിരിച്ചറിഞ്ഞു. പിന്നെയും കൊല്ലത്തെയും തിരുവനന്തപുരത്തെയും 20ഓളം ആശുപത്രികളിലായി തിരഞ്ഞു. ആളുമാറി മൃതദേഹം സംസ്‌കരിച്ച വെഞ്ഞാറമൂട് സ്വദേശി പ്രമോദിന്റെ വീട്ടിലും അനുലാലിന്റെ ബന്ധുക്കള്‍ പോയിരുന്നു.
ഇതിനിടയില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അനുലാലിന്റെ ശരീരം കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞു. പോലിസിന്റെ നിര്‍ദേശം അനുസരിച്ച് ശനിയാഴ്ച വൈകീട്ട് കൊല്ലത്ത് എത്തിയപ്പോഴാണ് മൃതദേഹം ആളുമാറി സംസ്‌കരിച്ചെന്ന വിവരം അറിഞ്ഞത്. പരവൂര്‍ സ്വദേശിയായ രഘുനാഥക്കുറുപ്പിന്റെ മൃതദേഹമെന്ന പേരില്‍ അനുലാലിന്റെ മൃതദേഹം അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു.
ഡിഎന്‍എ പരിശോധനാഫലം വരുന്നതിനു മുമ്പായിരുന്നു ഇത്. ഇതിനിടയില്‍ മൃതദേഹം കൊണ്ടുപോയവര്‍ ഇത് ദഹിപ്പിക്കുകയും ചെയ്തിരുന്നു. അനുലാലിന്റെ ഭാര്യ ചോതി പൂര്‍ണ ഗര്‍ഭിണി ആയതിനാല്‍ വട്ടിയൂര്‍ക്കാവിലെ സ്വന്തം വീട്ടിലാണ് നില്‍ക്കുന്നത്. നാലു വര്‍ഷം മുമ്പായിരുന്നു ചോതിയും അനുലാലുമായുള്ള വിവാഹം.
അനുലാല്‍ ഏഴു വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ വിഎസ്എസ്‌സിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it