പരവൂര്‍ വെടിക്കെട്ടപകടം: ടേംസ് ഓഫ് റഫറന്‍സായി

തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ച ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്തിമനടപടികള്‍ക്കായി ഫയല്‍ കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ എക്‌സ്—പ്ലോസീവ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ കാര്യകാരണങ്ങളും കുറ്റക്കാര്‍ ആരൊക്കെയെന്നും വ്യക്തമാക്കുന്ന റിപോര്‍ട്ട് തയ്യാറാക്കാനാണ് ടേംസ് ഓഫ് റഫറന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും പോലിസും കൈക്കൊണ്ട നടപടികളും ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ വരും.
ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യാനും കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകള്‍ നിരോധിക്കാതെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നടപടികളും വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം, പോലിസ്, ഇതര ഏജന്‍സികള്‍ എന്നിവര്‍ക്കുള്ള അധികാരങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള നിര്‍ദേശങ്ങളും കമ്മീഷന് സമര്‍പ്പിക്കാം.
Next Story

RELATED STORIES

Share it