Kollam Local

പരവൂര്‍ റിസോര്‍ട്ടിലെ അപകടം; ജീവനക്കാരനും മാനേജരും അറസ്റ്റില്‍



പരവൂര്‍: കാപ്പില്‍ റിസോര്‍ട്ടിലുണ്ടായ വാട്ടര്‍ സ്‌കൂട്ടര്‍ അപകടവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പരവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.  വാട്ടര്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശിയായ മൂപ്പുപറമ്പില്‍ വീട്ടില്‍ വിപിന്‍ദാസ്(25),  റിസോര്‍ട്ടിന്റെ മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി ബിജേന്ദ്രറായ്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഈ മാസം 10നാണ് അപകടം നടന്നത്. അപകടത്തില്‍ പാലക്കാട് സ്വദേശിയായ സാംപോള്‍ തമ്പി (25) മരണപ്പെട്ടിരുന്നു.  സുഹൃത്തായ സാംപോള്‍ തമ്പി വിപിനെ കാണാന്‍ വേണ്ടിയാണ് ഫ്‌ളൈ സ്‌പോര്‍ട്ട്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക് എന്ന സ്ഥാപനത്തിലെത്തിയത്. ഒമ്പതിന് വൈകീട്ട് എത്തിയ ഇയാള്‍ അടുത്ത ദിവസം രാവിലെ വിപിന്‍ദാസുമായി വാട്ടര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് സാംപോള്‍ തമ്പി മരണപ്പെടുന്നത്. യാതൊരു അനുമതി പത്രവുമില്ലാതെയാണ് വാട്ടര്‍ സ്‌കൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച് വന്നതെന്നും ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും മുന്‍ കരുതലുകളും സ്വീകരിച്ച് മാത്രം പ്രവര്‍ത്തിപ്പിക്കേണ്ടിയിരിക്കെ  ജാക്കറ്റ് പോലും ധരിക്കാതെ കടലില്‍ ഓടിക്കുന്ന വേഗതയില്‍ കായലില്‍ ഓടിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ അപകടം ഉണ്ടായതെന്നും പോലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.  അസ്വാഭാവികമരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് മല്‍സര പരീക്ഷക്കെത്തിയ സാം വീട്ടില്‍ പറയാതെയാണ് പരവൂരില്‍ എത്തിയത്. അമിതവേഗതയില്‍ ഓടിച്ച സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദനന്റെ നേതൃത്ത്വത്തില്‍ പരവൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ഷെരീഫിനാണ് അന്വേഷണ ചുമതല.  അന്വേഷണ സംഘത്തില്‍ പരവൂര്‍ എസ്‌ഐ സരിന്‍ എസ് ജയിംസ്, എസ്‌ഐ വിജയന്‍, എസ്‌ഐ അനില്‍കുമാര്‍, രാജേഷ്, ഹരിസോമന്‍ എന്നിവരും ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it