പരവൂര്‍: മരണം 113

പരവൂര്‍: മരണം 113
X
kerala-temple-fire-1

കൊല്ലം/തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മല്‍സര വെടിക്കെട്ടിനിടെയുണ്ടായ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുഖ്യ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 113 ആയി. വെടിക്കെട്ടിന്റെ കരാറെടുത്ത കഴക്കൂട്ടം തെക്കേമുക്ക് ശാന്തി നിവാസില്‍ സുരേന്ദ്രന്‍ (67), അനുജനും ടാക്‌സി ഡ്രൈവറുമായ കഴക്കൂട്ടം കരിയില്‍ തോപ്പില്‍ പണയില്‍ വീട്ടില്‍ സത്യന്‍ (55), കൊല്ലം വരിയചിറ ഹരിനന്ദനത്തില്‍ ശകുന്തളയുടെ മകന്‍ ശബരി (14), കൊല്ലം വാളത്തുങ്കല്‍ കല്ലുംകുളത്തില്‍ മണികണ്ഠന്‍ (40) എന്നിവരാണ് ഇന്നലെ മരിച്ചത്. സുരേന്ദ്രനോടൊപ്പം വെടിക്കെട്ടിന് നേതൃത്വം കൊടുത്ത മൂത്തമകന്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇളയ മകന്‍ ദീപു കൊല്ലത്തെ ആശുപത്രിയിലായിരുന്നു. എന്നാല്‍, ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പോലിസ് പറയുന്നത്. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെടിക്കെട്ട് നടന്നത്. ഇതില്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി സംഭവദിവസം തന്നെ മരിച്ചിരുന്നു. 39 പേരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്- 4, കൊല്ലം മെഡിസിറ്റി- 20, ഹോളിക്രോസ്- 5, കൊട്ടിയം കിംസ്- 3, ബെന്‍സിഗര്‍-1, ഉപാസന- 1, മെഡിട്രീന- 2, അസീസിയ- 3 എന്നിങ്ങനെയാണ് അത്യാസന്നനിലയിലുള്ളവരുടെ കണക്ക്.
അതേസമയം, അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികില്‍സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും ഇതിനായി 20 കോടി രൂപ അനുവദിച്ചതായും ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 10 കോടി രൂപ കൊല്ലം ജില്ലാ കലക്ടര്‍ക്ക് കൈമാറി. അപകടത്തില്‍ മാതാപിതാക്കള്‍ മരിച്ച കിഷോര്‍, കൃഷ്ണ എന്നീ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്കായി രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സേവനം പ്രയോജനപ്പെടുത്തും. വെടിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ 14ന് സര്‍വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it