Kerala

പരവൂര്‍: പോലിസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; രാത്രികാല വെടിക്കെട്ടിന് നിരോധനം

പരവൂര്‍: പോലിസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; രാത്രികാല വെടിക്കെട്ടിന് നിരോധനം
X
highcourtinfo

കൊച്ചി: ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. നിയമവിധേയമായി മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളൂ. അസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള സമയത്ത് ഉഗ്രശബ്ദത്തോടെയുള്ള കരിമരുന്നുപ്രയോഗം പാടില്ല. എന്നാല്‍, 125 മുതല്‍ 140 ഡെസിബെല്‍ വരെ ശബ്ദത്തില്‍ പകല്‍ വെടിക്കെട്ട് നടത്താം. വെടിവഴിപാടുപോലുള്ളവ സാധാരണപോലെ നടത്താമെന്നും കോടതി വ്യക്തമാക്കി.
കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് വി ചിദംബരേശിന്റെ കത്തില്‍ സ്വമേധയാ കേസെടുത്താണു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരം രാത്രികാല വെടിക്കെട്ടിന് നിരോധനമുണ്ട്. കൂടാതെ, വിഷയത്തില്‍ സുപ്രിംകോടതി-ഹൈക്കോടതി ഉത്തരവുകളും നിലവിലുണ്ട്. നിയമത്തിന്റെ പോരായ്മയല്ല, അവ നടപ്പാക്കുന്നതിലെ വീഴ്ചയാണ് സംഭവിക്കുന്നതെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനു കീഴിലെ അന്വേഷണം ഫലപ്രദമാവില്ല. സിബിഐ അന്വേഷണം പരിഗണിക്കാവുന്നതാണ്. നാളെ വൈകീട്ട് പ്രത്യേക സിറ്റിങിലൂടെ ഹരജി വീണ്ടും പരിഗണിക്കുമെന്നറിയിച്ച കോടതി, പോലിസിനോടും കൊല്ലം ജില്ലാ ഭരണകൂടത്തോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
പരവൂര്‍ കേസ് കൈകാര്യം ചെയ്ത പോലിസിന്റെ രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വെടിക്കെട്ടിന് അനുമതി ഇല്ലാതിരുന്നിട്ടും ഇത്രയധികം വെടിക്കോപ്പുകള്‍ സംഭരിച്ചത് എന്തുകൊണ്ട് അറിഞ്ഞില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. രഹസ്യാന്വേഷണ സംവിധാനങ്ങള്‍ എവിടെയായിരുന്നു. ജില്ലാ ഭരണകൂടം നിരോധിച്ചിട്ടും വെടിക്കെട്ട് തടയാന്‍ എന്തുകൊണ്ട് പോലിസ് നടപടി സ്വീകരിച്ചില്ല. അനുമതിപത്രം സ്റ്റേഷനില്‍ ഹാജരാക്കാമെന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ വാക്കുകേട്ട് മടങ്ങിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മാത്രമല്ല, പോലിസും ഉത്തരവാദിയാണ്. ജില്ലാ കലക്ടറുടെ നിരോധനോത്തരവ് അട്ടിമറിക്കാന്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും പോലിസ് അതിനു കൂട്ടുനിന്നുവെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ദേശവിരുദ്ധ ശക്തികള്‍ ഇതിനു പിറകിലുണ്ടോയെന്നും അന്വേഷിക്കണം. കലക്ടര്‍ അനുമതി നിഷേധിച്ച സാഹചര്യവും പരിശോധിക്കണം. അതിനാല്‍ അന്വേഷണം സര്‍ക്കാര്‍ തന്നെ സിബിഐയെ ഏല്‍പ്പിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. കുറ്റക്കാര്‍ക്കെതിരേ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തിയില്ലെന്ന ചോദ്യത്തിന് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്നായിരുന്നു കൊല്ലം പോലിസ് കമ്മീഷണര്‍ പി പ്രകാശന്റെ വിശദീകരണം. എത്രത്തോളം വെടിമരുന്നുകള്‍ ഉപയോഗിച്ചെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ പോലിസിന് കഴിഞ്ഞില്ല.
ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വൈകീട്ടാണ് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയതെന്നും അതു പരിശോധിച്ചോ എന്നറിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കലക്ടര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ഒരു പോലിസുകാരനും പറയാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍വാദം തള്ളി. പരവൂരില്‍ ഏഴു തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നതായി അസി. സോളിസിറ്റര്‍ ജനറലും നിയമം ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.  [related]
Next Story

RELATED STORIES

Share it