thiruvananthapuram local

പരവൂര്‍ ദുരന്തം: സജീവമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും; രക്തദാനത്തിനെത്തിയത് ആയിരങ്ങള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: അപകടങ്ങള്‍ നടക്കുമ്പോള്‍ സാധാരണയായി സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍ വിമര്‍ശനമാണ് ഉയരാറുള്ളത്. എന്നാല്‍ പരവൂര്‍ ദുരന്തം സമൂഹ മാധ്യമത്തിന്റെ പ്രസക്തി ഉയര്‍ത്തി.
രക്തദാനത്തിനായുള്ള അറിയിപ്പ് ആശുപത്രിയില്‍ നിന്ന് ലഭിച്ചയുടന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. വാര്‍ത്ത ഏറ്റെടുത്ത ഫേസ് ബുക്ക്, വാട്‌സ് ആപ് മാധ്യമങ്ങള്‍ അത് വൈറലാക്കി. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രക്തദാനത്തിന് സന്നദ്ധരായി എത്തിയത് ആയിരക്കണക്കിന് ചെറുപ്പക്കാരാണ്.
നഗരത്തിലുള്ളവര്‍ മാത്രമല്ല മറ്റു ജില്ലകളില്‍ നിന്നു പോലും രക്തദാനത്തിനായി ആളുകളെത്തിയത് ആശുപത്രി ജീവനക്കാരെയും ബന്ധുക്കളെയും അദ്ഭുതപ്പെടുത്തി. രക്ത ദാനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ പേരു നല്‍കിയത് 1500 ആളുകള്‍. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം നൂറിനോടടുത്തപ്പോഴാണ് സ്‌റ്റോക്കുള്ള രക്തം മിതിയാവില്ലെന്ന നിഗമനത്തില്‍, രക്തം ആവശ്യപ്പെട്ട് അധികൃതര്‍ സന്ദേശം അയക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വാര്‍ത്താചാനലിലൂടെയും വാട്‌സ്ആപ്പിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയും ഫെയ്‌സ് ബുക്കിലൂടെയും സന്ദേശം പ്രചരിച്ചതോടെ രാഷ്ട്രീയ യുവജന സംഘടനകളുടെയും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നിരവധിപ്പേരാണ് ആശുപത്രിയിലേക്ക് എത്തിയത്.
എഴോടെ തന്നെ രക്തദാനത്തിനെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കി. ആദ്യം എത്തിയത് തിരുവനന്തപുരത്തുള്ളവര്‍ തന്നെയാണ്. അടുത്ത മണിക്കൂറുകളില്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി എത്തിയതോടെ രക്തദാന കൗണ്ടറില്‍ നീണ്ട നിരയായി. കൂടുതല്‍ പേര്‍ രക്തദാനത്തിന് സന്നദ്ധരായി എത്തുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെ രക്തമെടുക്കാന്‍ കാത്തിരുന്നതോടെ ആവശ്യത്തിന് രക്തം ലഭിച്ചുവെന്നും ഇനി ആരും എത്തേണ്ടെന്നും അധികൃതര്‍ക്ക് അറിയിപ്പ് നല്‍കേണ്ടിയും വന്നു. സമൂഹ മാധ്യമത്തിന്റെ വിജയമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാരും മറ്റ് ആശുപത്രി അധികൃതരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സംഘടനകള്‍ക്ക് പുറമേ വിവിധ സാമുദായിക, സാംസ്‌കാരിക സംഘടനകളും രക്തദാനത്തിനായി അംഗങ്ങളെ അശുപത്രിയിലത്തെിച്ചു. ലഭിക്കുന്ന രക്തം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും, ഉടനടി ലഭ്യമാക്കുന്നതിനും ഡോക്ടര്‍മാരുടെ സംഘവുമുണ്ടായിരുന്നു. 124 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികില്‍സ തേടിയെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരെയും ഗുരുതര പരിക്കുകളോടെയാണ് എത്തിച്ചത്.
ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി സിനിമാതാരം മമ്മൂട്ടിയും. സോഷ്യല്‍മീഡിയയിലാണ് അദ്ദേഹം തന്റെ സഹായവാഗ്ദാനം കുറിച്ചത്. 'ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദ സ്ഥാപനം തീപ്പൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം'. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it