thiruvananthapuram local

പരവൂര്‍ ദുരന്തം: രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
പെരിങ്ങമല സ്വദേശി സനല്‍ (29), പരവൂര്‍ സ്വദേശി ഷാജിധരന്‍ (50) എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കിംസില്‍ നിന്നു റഫറല്‍ ആയി വന്ന വര്‍ക്കല സ്വദേശി അജിത്കുമാറി(42)നെ ആശുപത്രിയില്‍ അഡ്മിറ്റാക്കി. നിലവില്‍ 33 പേരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
50 ശതമാനം പൊള്ളലേറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന കൊല്ലം സ്വദേശി അജിത്തി(16)ന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായി വിദഗ്ധരുടെ അവലോകന യോഗം വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് നാലു പേരുടെ നിലയും ഗുരുതരമാണ്. ഇവര്‍ പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ്. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികില്‍സ ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഡ് 18ല്‍ 10 പേരും വാര്‍ഡ് 9ല്‍ 9 പേരും വാര്‍ഡ് 7ല്‍ 3 പേരും വാര്‍ഡ് 19ല്‍ ഒരാളും വാര്‍ഡ് 6ല്‍ ഒരാളും വാര്‍ഡ് 24ല്‍ ഒരാളും വാര്‍ഡ് 8ല്‍ ഒരാളും വാര്‍ഡ് 2ല്‍ ഒരാളും ചികില്‍സയിലുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
തിരുവനന്തപുരം: കൊല്ലം, പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ട തിരുവനന്തപുരം നിവാസികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് അവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും മരണസര്‍ട്ടിഫിക്കറ്റും അവകാശികളുടെയും രണ്ട് അയല്‍സാക്ഷികളുടെയും മൊഴി സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
അവകാശ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് വില്ലേജ് ഓഫിസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ധനസഹായം കൈപ്പറ്റാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it