പരവൂര്‍ ദുരന്തം: തീവ്രപരിചരണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘം

തിരുവനന്തപുരം: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ പ്രത്യേക അവലോകനയോഗം ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പൊള്ളലിനൊപ്പം പുക ശ്വസിച്ചുള്ള ശ്വാസകോശ തകരാറാണ് പല രോഗികളെയും ഗുരുതര നിലയിലാക്കിയത്. ഇവരുടെ തീവ്രപരിചരണത്തിനും നിരന്തരം നിരീക്ഷിച്ച് ചികില്‍സകള്‍ ക്രമീകരിക്കുന്നതിനും പ്രത്യേക വിദഗ്ധസംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 40 ശതമാനം പൊള്ളലും നെഞ്ചില്‍ ക്ഷതവുമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജീവി(16)ന്റെയും 50 ശതമാനം പൊള്ളലേറ്റ അജിത്തി(16)ന്റെയും നിലയാണ് അതീവഗുരുതരമായി തുടരുന്നത്. ഇതില്‍ അജിത്തിനെ വെന്റിലേറ്ററില്‍ നിന്നു നീക്കി.
സര്‍ജിക്കല്‍ ഐസിയുവിലുള്ള ആറുപേരുടെ നിലയും ഗുരുതരമായി തുടരുകയാണ്. ഓര്‍ത്തോപീഡിക് ഐസിയുവില്‍ ചികില്‍സയിലുള്ള കൊല്ലം പൂയപ്പള്ളി സ്വദേശി വസന്ത(30), കൊല്ലം തട്ടമല സ്വദേശി പ്രസാദ്(58), അനി (47), ബേണ്‍സ് ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്ന അട്ടക്കുളം സ്വദേശി സുധീര്‍ (35), കഴക്കൂട്ടം സ്വദേശി കണ്ണന്‍ (27), കളക്കോട് സ്വദേശി ചന്ദ്രബോസ് (35) എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. പൊള്ളലേറ്റ് ചികില്‍സ തേടിയിരുന്ന മണിലാല്‍ (41), സരസ് (21) എന്നിവര്‍ ഇന്നലെ ആശുപത്രി വിട്ടു. എസ്എസ്ബി ന്യൂറോ സര്‍ജറി ഐസിയുവിലുള്ള മാളുവിനെ (19) എസ്എസ്ബി ആറാം വാര്‍ഡിലേക്കു മാറ്റി. വാര്‍ഡ് 18ല്‍ 16 പേരും വാര്‍ഡ് 9ല്‍ 13 പേരും വാര്‍ഡ് 7ല്‍ 8 പേരും വാര്‍ഡ് 19ല്‍ രണ്ടുപേരും വാര്‍ഡ് 8ല്‍ ഒരാളും വാര്‍ഡ് 20ല്‍ ഒരാളുമാണു ചികില്‍സയിലുള്ളത്. 51 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികില്‍സ തേടുന്നത്.
രോഗികളുടെ ചികില്‍സ കാര്യക്ഷമമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് അവലോകനയോഗം വിലയിരുത്തി. അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും ഒരുമിച്ചാണ് ചികില്‍സ ക്രമീകരിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ കഴിയുന്ന രോഗികള്‍ക്കു ലഭിക്കുന്ന ചികില്‍സകള്‍ തൃപ്തികരമാണെന്നും തുടര്‍ചികില്‍സയ്ക്ക് ഡോക്ടര്‍മാര്‍ പ്രാപ്തരാണെന്നും വിലയിരുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു സംഘം ഡോക്ടര്‍മാരെ തിരികെപ്പോവാന്‍ അനുവദിച്ചു. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേകസംഘം ഇവിടെ തുടരും. മികച്ച ചികില്‍സ നല്‍കിയ മെഡിക്കല്‍ കോളജിലെയും ഡല്‍ഹിയിലെയും വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ശശി തരൂര്‍ എംപി അഭിനന്ദിച്ചു.
ശശി തരൂര്‍ എംപിക്കു പുറമെ എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി ആര്‍ ഗോകുല്‍, ഡിഎംഇ ഡോ. റംല ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എയിംസിലെ ഡോ. കപില്‍ദേവ് സോണിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍എംഎല്‍ ആശുപത്രിയിലെ ഡോ. രാകേഷ്, സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോ. സുരിന്ദര്‍ ഗോയല്‍, സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ട്രോമ & ബേണ്‍സ് ഡോ. പ്രേംലാല്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ശ്രീനാഥ്, ഡോ. സുല്‍ഫിക്കര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കോമള റാണി, അനസ്തീസ്യ വിഭാഗം മേധാവി ഡോ. ഉഷാദേവി, സര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it