Kollam Local

പരവൂര്‍ ദുരന്തം: അടിയന്തര ധന സഹായ വിതരണം തുടരുന്നു

കൊല്ലം: പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കുമുള്ള അടിയന്തര ധനസഹായ വിതരണം തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ മരിച്ചവരുടെ ആശ്രിതര്‍ക്ക് പതിനായിരം രൂപ വീതവും ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അയ്യായിരം രൂപവീതവും വിതരണം ചെയ്യാനാരംഭിച്ചിരുന്നു. ഇതിനു വേണ്ടി നിയോഗിച്ച വില്ലേജ് ഓഫിസര്‍മാരുടെ സ്‌ക്വാഡുകള്‍ ആശുപത്രി രേഖകള്‍ പ്രകാരം മരിച്ചവരുടെ വീടുകളില്‍ എത്തിയാണ് തുക വിതരണം ചെയ്തത്. ഇതിന് പുറമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും തുക വിതരണം ചെയ്തു. ഇതുവരെ മരണപ്പെട്ട 63 പേരുടെ ആശ്രിതര്‍ക്കും ചികിത്സയിലുള്ള 378 പേര്‍ക്കും തുക വിതരണം ചെയ്തു. നേരത്തെ ചികില്‍സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍ക്കും അര്‍ഹമായ തുക വിതരണം ചെയ്യുമെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആശുപത്രി രേഖകള്‍ പരിശോധിക്കാനും അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ ധനസഹായം ലഭിച്ചുവെന്ന് ഉറപ്പു വരുത്താനും വില്ലേജ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ധനസഹായം ലഭിക്കാനുള്ളവര്‍ക്കും ഉടനെ തുക ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it