പരവൂര്‍: കരാറുകാരനും ഭാര്യയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി/കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെടിക്കെട്ടു ദുരന്തത്തില്‍ പങ്കില്ലെന്നും ക്ഷേത്രത്തില്‍ നിന്നു തന്റെ സംഘം മടങ്ങിയതിനുശേഷമാണ് അപകടം സംഭവിച്ചതെന്നും അതിനാല്‍ അറസ്റ്റ് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
40 വര്‍ഷമായി ഭാര്യയുടെ പേരിലാണു ലൈസന്‍സ്. 15 കിലോ സ്‌ഫോടകവസ്തു സൂക്ഷിക്കാനാണ് പെര്‍മിറ്റ് നല്‍കിയത്.
പരവൂരില്‍ മരിച്ച സുരേന്ദ്രനാണു മല്‍സരക്കമ്പം നടത്തിയത്. ദുരന്തത്തില്‍ നശിച്ച മൂന്ന് കാറുകളും സുരേന്ദ്രന്റെ ഉടമസ്ഥതയില്‍ തന്നെ. ക്ഷേത്രപരിസരത്തുനിന്നു തങ്ങള്‍ മടങ്ങിയതിനു ശേഷമാണ് മല്‍സരക്കമ്പം നടന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. സുരേന്ദ്രന്‍ ധൃതിപ്പെട്ടാണ് വെടിക്കെട്ടിനുള്ള വസ്തുക്കള്‍ തയ്യാറാക്കിയതെന്നും ഹരജിയില്‍ പറയുന്നു. അതിനിടെ, വെടിക്കെട്ടപകടത്തില്‍ മരിച്ച സുരേന്ദ്രന്റെ സഹായികളായ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സജി ബേബി, അജി, സൈജു എന്നിവരാണു പിടിയിലായത്.
അതേസമയം, മല്‍സരക്കമ്പം നിര്‍ത്താന്‍ പോലിസ് ഫോണിലൂടെ നിര്‍ദേശം നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. അനൗണ്‍സറായിരുന്ന ലൗലിയെ ആണ് പരവൂര്‍ എസ്‌ഐ രണ്ടുതവണ ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്നു നാലുതവണ വിളിച്ചു. ദുരന്തത്തിന് അഞ്ച് മിനിറ്റ് മുമ്പ് പരവൂര്‍ സിഐ യും കര്‍ശന നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it